ആ ആറടിയ്ക്കാരന്‍ രഹസ്യായുധം ഇന്ത്യയ്ക്ക് തലവേദനയാകുമോ?

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്ന ടീം ഇന്ത്യയെ കാത്തിരിക്കുന്നത് അത്ര ശുഭകരമായ കാര്യങ്ങളല്ല. പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ ദക്ഷിണാഫ്രിക്ക ഒരു രഹസ്യായുധവും കരുതി വെച്ചാകും ഇന്ത്യയെ നേരിടാന്‍ ഇറങ്ങുക.

പരിക്കേറ്റ പേസ് ബൗളര്‍ ഡെയില്‍ സ്റ്റയിന് പകരമായി യുവ ബോളിംഗ് സെന്‍സേഷന്‍ ലുംഗി എങിടി ടീമില്‍ ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 21 കാരനായ ലുംഗി ആറടിയോളമുളള തന്റെ ഉയരകൊണ്ട് തീതുപ്പുന്ന ബൗളറാണ്. സ്ഥിരമായി 140 വേഗത്തില്‍ പന്തെറിയുന്ന ഈ യുവതാരം അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുമോയെന്ന ആകാക്ഷയിലാണ് ക്രിക്കറ്റ് ലോകം.

ബൗണ്‍സറാണ് ലുംഗി എങിടിയുടെ പ്രധാന ആയുധം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ഈ യുവതാരം ആദ്യ മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

റബാഡ ഫിലാന്‍ഡര്‍ മോര്‍ക്കല്‍ എന്നീ മൂന്ന് താരങ്ങള്‍ക്ക് പിറകില്‍ നാലാംപേസറായാണ് എങിടി ടീമിലേക്ക് പരിഗണിക്കപ്പെടുന്നത്. ക്രിസ് മോറിസും ടീമിലുളളതിനാല്‍ എങിടി അരങ്ങേറുമോയെന്നത് കാത്തിരുന്ന് തന്നെ കാണണം.

Read more

നിലവില്‍ പരമ്പര 1-0ത്തിന് ദക്ഷിണാഫ്രിക്ക മുന്നിലാണ്. കേപ്ടൗണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 72 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് പരമ്പരയിലേക്ക് തിരിച്ചുവരാനാകു.