ബാറ്റെടുത്തവരെല്ലാം താണ്ഡവമാടിയപ്പോള്‍ ക്രിസ്മസ് തണുപ്പിലും ലങ്കന്‍ ബോളര്‍മാര്‍ ഉരുകിയൊലിച്ചു. ടോസ് നേടി ആദ്യം ബാറ്റിനിറങ്ങിയ ഇന്ത്യ 261 വിജയ ലക്ഷമാണ് കുറിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ട്വന്റി20 സ്‌കോറാണിത്. വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 244 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയെഴുതിയത്.
ഓപ്പണര്‍മാരായി ഇറങ്ങിയ നായകന്‍ രോഹിത് ശര്‍മയും ലോകേഷ് രാഹുലും ചേര്‍ന്ന് ലങ്കന്‍ ബോളര്‍മാരെ തലങ്ങുംവിലങ്ങും തല്ലിച്ചതച്ചു. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് കൂട്ടുകെട്ടില്‍ കെട്ടിപ്പൊക്കിയത് 165 റണ്‍സിന്റെ റണ്‍മലയായിരുന്നു. ഒരാളെയും വെറുതെ വിടാതെയായിരുന്നു രോഹിത്തിന്റെ ആക്രമണം. ബോളര്‍മാരെ അതിര്‍ത്തിക്കപ്പുറത്തേക്ക് അടിച്ചകറ്റുന്നതില്‍ മാത്രമായിരുന്നു രോഹിതിന്റെ ശ്രദ്ധ. സിക്‌സറുകളും ബൌണ്ടറികളും തുടരെ തുടരെ പറന്നപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ റോക്കറ്റ് വേഗത്തിലായി. ഒടുവില്‍ രോഹിതിന് തുടരെ സ്‌ട്രൈക്ക് കൈമാറി രാഹുല്‍ ആ തീ ആളിക്കത്തിച്ചു. 35 പന്തില്‍ നിന്ന് ട്വന്റി 20യിലെ വേഗതയേറിയ സെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ടും രോഹിത് ആക്രമണവീര്യം ഒട്ടും തണുപ്പിച്ചില്ല. ഒടുവില്‍ 43 പന്തില്‍ നിന്ന് 118 റണ്‍സ് എടുത്തുനില്‍ക്കെ ചമീരയുടെ പന്തില്‍ രോഹിത് ഇന്നിങ്‌സ് അവസാനിപ്പിച്ചു. പത്തു സിക്‌സറുകളും 12 ബൌണ്ടറികളുമാണ് രോഹിതിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
നായകന്‍ പകര്‍ന്ന ഊര്‍ജത്തില്‍ നിന്ന് അര്‍ധ ശതകം തികച്ച ശേഷം രാഹുലും ഇന്‍ഡോറില്‍ കത്തിപ്പടര്‍ന്നു. 49 പന്തില്‍ നിന്ന് എട്ടു സിക്‌സറുകളുടെ അകമ്പടിയോടെ 89 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമാണ് രാഹുലും പിന്‍വാങ്ങിയത്. അപ്പോഴേക്കും ഇന്ത്യയുടെ സ്‌കോര്‍ രണ്ടിന് 243 റണ്‍സ് എന്ന ശക്തമായ നിലയില്‍ എത്തിയിരുന്നു. തുടര്‍ന്നു വന്ന ധോണിയും ഹര്‍ദിക് പാണ്ഡ്യയുമൊക്കെ പന്തുകള്‍ പാഴാക്കാതെ ലങ്കന്‍ ബോളര്‍മാരെ ശിക്ഷിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ 250 കടന്നു. 28 റണ്‍സെടുത്ത് ധോണി പാഡഴിച്ചതോടെ ഇന്‍ഡോറില്‍ ഇന്ത്യ പുതു ചരിത്രമെഴുതി കഴിഞ്ഞിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയ ശ്രേയസ് അയ്യര്‍ മാത്രമാണ് ടീം ഇന്ത്യയില്‍ നിരാശപ്പെടുത്തിയത്. ഒടുവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് എന്ന പടുകൂറ്റന്‍ സ്‌കോര്‍ ലങ്കക്ക് മുന്നില്‍ വെല്ലുവിളിയായി ഉയര്‍ത്തി ഇന്ത്യ .