നായകന്‍ മുന്നില്‍ നിന്നും നയിച്ചു ; അണ്ടര്‍ 19 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

കൗമാരക്കാരുടെ ലോകകപ്പ് പോരാട്ടത്തിനിറങ്ങിയ ഇന്ത്യയ്ക്കും ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്കയെ 45 റണ്‍സിനായിരുന്നു ഇന്ത്യ തോല്‍പ്പിച്ചത്. ഹാര്‍നൂര്‍ സിംഗ് പരാജയപ്പെട്ട മത്സരത്തില്‍ നായകന്‍ യാഷ ദുല്ലിന്റെ ബാറ്റിംഗ് മികവായിരുന്നു രക്ഷയായത്.

ആദ്യം ബാറ്റ് ചെയ്ത 232 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 187 റണ്‍സിന് പുറത്തായി. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ബൗളര്‍ വിക്കി ഓസ്ട്‌വാളിന്റെ ബൗളിംഗ് മികവും ഇന്ത്യയെ തുണച്ചു. 100 പന്തുകളില്‍ നിന്നുമായരുന്നു ധുള്ളിന്റെ അര്‍ദ്ധശതകം. 11 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു ധുള്‍ 82 റണ്‍സ് നേടിയത്.

ഷെയ്്ഖ് റഷീദ് 31 റണ്‍സും നിഷാന്ത് സിന്ധു 27 റണ്‍സും കൗശല്‍ ടാംബേ 35 റണ്‍സും നേടിയതോടെ ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ കൈയ്യില്‍ വന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക്് വേണ്ടി ഡെവാള്‍ഡ് ബ്രെവിസും അര്‍ദ്ധശതകം കുറിച്ചു. 99 പന്തുകളില്‍ 65 റണ്‍സ് നേടിയ ബ്രെവിസ് ആറ് ബൗണ്ടറികളും രണ്ടു സിക്‌സറുകളും പറത്തി.

Read more

നായകന്‍ ജോര്‍ജ്ജ് വാന്‍ ഹര്‍ദീന്‍ 36 റണ്‍സ് എടുത്തു. വാലന്റൈന്‍ കിടിമേ 25 റണ്‍സും അടിച്ചു. 10 ഓവറില്‍ 28 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ ബൗളര്‍ ഓസ്റ്റ്‌വാള്‍ വിട്ടുകൊടുത്തത്. 6. 5 ഓവറുകള്‍ എറിഞ്ഞ് നാലു വിക്കറ്റ് വീഴ്ത്തിയ രാജ് ബാവയും ടീമിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു.