2023ലെ ഏഷ്യാ കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം മഴ മുടക്കിയതിനാല്‍ നേപ്പാളിനെതിരെ മിന്നും ജയം നേടി സൂപ്പര്‍ ഫോറിലേക്ക് കടക്കാനാണ് ഇന്ത്യന്‍ ശ്രമം. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഒരേയൊരു മാറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്. തന്റെ ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് പോയ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് ഷമി ടീമിലെത്തും.
ഓപ്പണിംഗ് സ്റ്റാന്‍ഡില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം പങ്കാളിയാകാനുള്ള ഓര്‍ഡറിലേക്ക് ഇഷാന്‍ കിഷന്‍ സ്ഥാനക്കയറ്റം നല്‍കിയേക്കുമെന്ന നേരിയ സൂചനയുണ്ട്. എന്നാല്‍ ഈ ഘട്ടത്തിലും ലോകകപ്പ് 2023 വാതിലില്‍ മുട്ടുന്ന സാഹചര്യത്തിലും ഇത് പരീക്ഷണങ്ങളുടെ സമയമല്ല. അതിനാല്‍ ഇതില്‍ പുനഃപരിശോധന ഉണ്ടായേക്കും. വിരാട് കോഹ്ലി തന്റെ ഇഷ്ടപ്പെട്ട മൂന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ശ്രേയസ് അയ്യര്‍ നാലാം സ്ഥാനത്തിറങ്ങും.
മധ്യനിരയില്‍ ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ കളിക്കും. നേരത്തെ പാകിസ്ഥാനെതിരെ ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരുടെ ശക്തമായ പേസ് ആക്രമണത്തിനെതിരെ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ പതറിയിരുന്നു. എന്നാല്‍ ഇഷാന്‍ കിഷന്റെയും ഹാര്‍ദിക് പാണ്ഡ്യയുടെയും മികച്ച പ്രകടനമാവമാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് എത്തിച്ചത്.
ജസ്പ്രീത് ബുംറ ലഭ്യമല്ലാത്തതിനാല്‍ ടീമിലേക്ക് എത്തുന്ന മുഹമ്മദ് ഷമി ഷാര്‍ദുല്‍ താക്കൂറിനും മുഹമ്മദ് സിറാജിനുമൊപ്പം പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും. കുല്‍ദീപ് യാദവ് ആയിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.