അമ്പയര്‍ ഔട്ട് വിളിക്കും മുമ്പേ ധോണി വിധിച്ചു, ഔട്ടല്ല!

ധരംശാല : ധരംശാലയില്‍ ടീം ഇന്ത്യ നാണംകെട്ട് തോറ്റെങ്കിലും മഹേന്ദ്ര സിംഗ് ധോണിയെന്ന മുന്‍ നായകന്‍ തന്റെ പ്രതിഭാശേഷി ക്രിക്കറ്റ് ലോകത്ത് വീണ്ടും തെളിയിച്ചു എന്നതാണ് ഈ മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. ഇന്ത്യയ്ക്ക് ഈ മത്സരം നല്‍കുന്ന ഏക ആശ്വാസവും ഇതുതന്നെയാണ്.

മത്സരത്തില്‍ ധോണിയുടെ ചില ഇടപെടലുകള്‍ ഇന്ത്യന്‍ ടീമിനെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിക്കാനും ഇടയാക്കി. അതിലൊന്നാണ് ജസ്പ്രിത് ഭുംറയെ പുറത്താകലില്‍ നിന്നും രക്ഷിച്ച ഡിആര്‍എസ് ചലഞ്ച്.

ഇന്ത്യന്‍ ഇന്നിങ്‌സിലെ 33ാം ഓവറിലാണ് സംഭവം. സചിത് പതിരണയുടെ പന്തില്‍ ബുംറ എല്‍ബിയില്‍ കുരുങ്ങിയതായി അമ്പയര്‍ വിളിച്ചപ്പോഴായിരുന്നു ധോണിയുടെ രംഗപ്രവേശം. അംപയര്‍ ഔട്ട് വിളിക്കാന്‍ പോകുന്നുവെന്ന് തോന്നിയപ്പോള്‍ തന്നെ റിവ്യൂവിന് അപ്പീല്‍ നല്‍കുന്ന ധോണിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

ടിവി റീപ്ലേകളില്‍ പന്തിന്റെ ഇംപാക്ട് ലൈനിന് പുറത്താണെന്ന് വ്യക്തമായതോടെ അമ്പയര്‍ക്ക് തന്റെ തീരുമാനം പിന്‍വലിക്കേണ്ടി വന്നു. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വീണ്ടും സൂപ്പര്‍ ഹീറോ ആയിരിക്കുകയാണ് എംഎസ് ധോണി. ആ കാഴ്ച്ച കാണാം

മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിനാണ് തോറ്റത്. ഇന്ത്യയുടെ 113 റണ്‍സ് വിജയലക്ഷ്യം ലങ്ക 20 ഓവറില്‍ മറികടക്കുകയായിരുന്നു.