ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ഏഴ് വിക്കറ്റിന്റെ വിജയം ആഘോഷിച്ച ഇന്ത്യ ഇന്ന് രണ്ടാമങ്കത്തിന് ഇറങ്ങുകയാണ്. ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായ ആദ്യ മത്സരത്തില്‍ അനായാസ വിജയമാണ് ഇന്ത്യ നേടിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് കളിക്കാനായിരുന്നില്ല. രണ്ടാം ഏകദിനത്തിലും താരത്തിന്റെ സാധ്യത വിരളമാണ്.
സഞ്ജുവിന് പകരം ആദ്യ മത്സരത്തില്‍ ഇടംപിടിച്ച ഇഷാന്‍ കിഷന്‍ അര്‍ദ്ധ സെഞ്ച്വറി പ്രകടനത്തോടെ ടീമില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. മികച്ച ഫോമില്‍ ബാറ്റ് വീശുന്ന താരത്തെ മാറ്റി സഞ്ജുവിന് ടീം മാനേജ്‌മെന്റ് അവസരം നല്‍കില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ഒരാള്‍ മാത്രമാണ് സഞ്ജുവിന് പ്രതീക്ഷയായി ടീമിലുള്ളത്. മനീഷ് പാണ്ഡെ പുറത്തായാല്‍ മാത്രമേ സഞ്ജുവിന് ഇടംപിടിക്കാനാവൂ.
ആദ്യ മത്സരത്തില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ ഏകതാരം മനീഷ് പാണ്ഡെയായിരുന്നു. 40 പന്ത് നേരിട്ട പാണ്ഡെയ്ക്ക് 26 റണ്‍സ് മാത്രമാണ് നേടാനായത്. ഇതേതുടര്‍ന്ന് മനീഷിന്റെ മെല്ലേപ്പോക്കിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പലപ്പോഴും ബാറ്റിംഗിലെ മെല്ലെപ്പോക്കിന്റെ പേരില്‍ പഴി കേള്‍ക്കുന്ന താരമാണ് പാണ്ഡെ. ഐ.പി.എല്ലിലും താരം ഇതിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു.
മനീഷിന് പകരം സഞ്ജു സാംസണ്‍ ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയവരില്‍ ആര്‍ക്കെങ്കിലും അവസരം നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ സഞ്ജു സാംസണാണ് സാധ്യത കൂടുതല്‍. എന്നാല്‍ ആദ്യ ഏകദിനും അനായാസമായി ജയിച്ച സാഹചര്യത്തില്‍ നിലവിലെ ടീമിനെ നിലനിര്‍ത്തുക തന്നെയായിരിക്കും ചെയ്യുക. ഈ മത്സരം ജയിച്ചാല്‍ പരമ്പരയും സ്വന്തമാക്കാമെന്നതിനാല്‍ പ്ലേയിംഗ് ഇലവനില്‍ ടീം മാനേജ്‌മെന്റ് കൂടുതല്‍ പരീക്ഷണത്തിന് മുതിര്‍ന്നേക്കില്ല.
ആദ്യ മത്സരത്തിലെ മെല്ലെപ്പോക്കിന്‍റെ പേരില്‍ പാണ്ഡെയെ ടീമില്‍ നിന്ന് മാറ്റിയേക്കില്ല. രണ്ടാം ഏകദിനത്തിലും പാണ്ഡെ പരാജയപ്പെട്ടാല്‍ മൂന്നാം ഏകദിനത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കും. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചു കയറിയത്. രണ്ടാം മത്സരം ഇന്നുച്ചയ്ക്ക് 3.00 ന് ആരംഭിക്കും.