ടെസ്റ്റിലും ജയിച്ചുകയറാന്‍ കോഹ്ലിയും പിള്ളേരും: ഇന്ത്യന്‍ ജയം ഏഴു വിക്കറ്റ് അകലെ

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ജയം ഏഴ് വിക്കറ്റ് അകലെ. ഇന്ത്യ മുന്നോട്ട് വച്ച 410 റണ്‍സ് വിജയ ലക്ഷ്യവുമായി രണ്ടാം ഇ്ന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയിലാണ്. ഒരു ദിനം അവശേഷിക്കെ 379 റണ്‍സാണ് ലങ്കയ്ക്ക് തോല്‍വി ഒഴിവാക്കാന്‍ വേണ്ടത്.

ഓപ്പണര്‍മാരായ കരുണരത്‌നെ (13), സമരവിക്രമ (5), ലക്മല്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. ജഡേജയ്ക്കും (2) മുഹമ്മദ് ഷാമിക്കുമാണ് വിക്കറ്റ്. 13 റണ്‍സെടുത്ത ധനഞജയ ഡിസില്‍വയും അക്കൗണ്ട് തുറക്കാത്ത എയ്ഞ്ചലോ മാത്യൂസുമാണ് ക്രീസില്‍.

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ അഞ്ചിന് 246 എന്ന നിലയില്‍ ഇന്നിംഗ്സ്  ഡിക്ലയര്‍ ചെയ്തിരുന്നു. ഇന്ത്യക്കുവേണ്ടി ശിഖര്‍ ധവാന്‍ (67), വിരാട് കോഹ്ലി (50), രോഹിത് ശര്‍മ്മ (50) എന്നിവര്‍ അര്‍ദ്ധസെഞ്ച്വറി നേടി.

നേരത്തെ, ഒന്‍പതിന് 356 റണ്‍സെന്ന നിലയില്‍ നാലാം ദിനമായ ഇന്ന് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക 373 റണ്‍സിന് പുറത്തായിരുന്നു. 164 റണ്‍സെടുത്ത ചണ്ഡീമലിനെ ഇഷാന്ത് ശര്‍മ പുറത്താക്കിയതോടെ ലങ്കയുടെ ഒന്നാം ഇന്നിംഗ്സിന് തിരശീല വീണു. ഇന്ത്യക്കായി ഇഷാന്തും അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ ജഡേജയും ഷാമിയും രണ്ട് വിക്കറ്റ് വീതമെടുത്തു.