ഐസിസി ടി20 ലോകകപ്പ് 2024 ലെ പാക്കിസ്ഥാനെതിരായ സുപ്രധാന മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിൻ്റെ ബാറ്റിംഗ് ഓർഡറിനെ കുറിച്ച് കമ്രാൻ അക്മൽ ചില അഭിപ്രായങ്ങൾ പറഞ്ഞിരിക്കുകയാണ്. വിരാട് കോഹ്‌ലി രോഹിത് ശർമ്മയ്‌ക്കൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്യരുതെന്ന് അക്മൽ പറഞ്ഞു. ജൂൺ 9 ഞായറാഴ്ച ന്യൂയോർക്കിലെ നാസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചിരവൈരികൾ പരസ്പരം ഏറ്റുമുട്ടും.
വിരാട് മൂന്നാം നമ്പർ സ്ഥാനത്തിന് അനുയോജ്യനാണെന്ന് അക്മൽ പറയുന്നു. അതിനാൽ തന്നെ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് ഓർഡറിൽ കുഴപ്പങ്ങൾ കാണിക്കുന്നു. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, കോഹ്‌ലി മൂന്നാം നമ്പറിൽ ആയിരിക്കും കൂടുതൽ മിടുക്കൻ
“നിലവിലെ ബാറ്റിംഗ് ഓർഡർ ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഓപ്പണർ എന്ന നിലയിൽ വിരാട് കോഹ്‌ലി ശരിയായ തിരഞ്ഞെടുപ്പല്ല. സമ്മർദം കൈകാര്യം ചെയ്യാനും രാജ്യത്തിനായി ഗെയിമുകൾ വിജയിപ്പിക്കാനും കഴിയുന്നതിനാൽ അദ്ദേഹം മൂന്നാം നമ്പർ ബാറ്റിംഗ് സ്ലോട്ടിൽ ബാറ്റ് ചെയ്യണം. യശസ്വി ജയ്‌സ്വാളാണ് ഓപ്പണറായി കളിക്കേണ്ടത്. വിരാടിനൊപ്പം ഓപ്പണിംഗ് തുടർന്നാൽ ഇന്ത്യ ചില കളികളിൽ കുടുങ്ങിപ്പോകും. വിരാട് കോഹ്‌ലിക്കൊപ്പം ഓപ്പൺ ചെയ്ത് ഇന്ത്യയ്ക്ക് പിഴവ് സംഭവിക്കുകയാണ്, അക്മൽ പറഞ്ഞു.
അതേസമയം അയർലൻഡിനെതിരായ മത്സരത്തിനിടെ കൈയ്ക്ക് പരിക്കേറ്റ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്ന പാകിസ്ഥാനെതിരായ പോരാട്ടത്തിന്റെ സമ്മർദ്ദത്തിൽ നിൽക്കുന്ന ഇന്ത്യൻ ആരാധകർക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയായിരുന്നു. എന്നാൽ ഇപ്പോഴിതാ പരിശീലന വേളയിൽ രോഹിത്തിന് വീണ്ടും പരിക്കേറ്റെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ന്യൂയോർക്കിലെ നെറ്റ്‌സിൽ ബാറ്റ് ചെയ്യുന്നതിനിടെ താരത്തിന്റെ കൈവിരലിൽ പന്ത് കൊള്ളുകയായിരുന്നു. തുടർന്ന് ഇന്ത്യൻ ഫിസിയോകൾ ഉടൻ തന്നെ അദ്ദേഹത്തിന്റെ അടുത്തെത്തി പരിചരിച്ചു. ബാറ്റിംഗ് പ്രാക്ടീസ് രണ്ട് മിനിറ്റോളം നിർത്തിവച്ചെങ്കിലും അൽപസമയത്തിന് ശേഷം താരം പരിശീലനം പുനഃരാരംഭിക്കുകയും ചെയ്തു. താരത്തിന് പാകിസ്ഥാനെതിരെ കളിക്കാൻ കഴിയുമെന്ന് തന്നെയാണ് കരുതുന്നത്.