ഇന്ത്യന്‍ ബൗളര്‍മാരുടെ പന്തുകള്‍ തീ തുപ്പിയപ്പോള്‍ ബംഗ്‌ളാദേശ് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ വീണു. അണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പന്തുകള്‍ വെടിയുണ്ടകളായി മാറിയതോടെ പൊരുതാനാകാതെ ബംഗ്‌ളാദേശ് വീണു. ടോസ് നേടി എതിരാളികളെ ബാറ്റ് ചെയ്യാന്‍ വിട്ട ഇന്ത്യ 111 റണ്‍സിന് എതിരാളികളെ പുറത്താക്കി. ബംഗ്‌ളാദേശ് നിരയില്‍ 30 റണ്‍സ് എടുത്ത മെഹ്‌റോബ് ഒഴികെ ആര്‍ക്കും പൊരുതാന്‍ പോലുമായില്ല.
വിക്കറ്റുകള്‍ വീഴ്ത്തിയ രവികുമാര്‍ തുടങ്ങിവെച്ച ആക്രമണം ഇന്ത്യന്‍ ബൗളര്‍മാര്‍ ഒട്ടും വീര്യം ചോരാതെ പുറത്തെടുത്തതോടെ 38 ഓവറില്‍ ബംഗ്‌ളാദേശ് ഇന്നിംഗ്‌സിന് കര്‍ട്ടനിട്ടു.മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെയും രവികുമാര്‍ പറഞ്ഞുവിട്ടപ്പോള്‍ മദ്ധ്യനിരയെ ഓസ്റ്റാവലും ടാംബേയും ചേര്‍ന്നും വീഴ്ത്തി. മഹ്ഫിജുല്‍ ഇസ്‌ളാം രണ്ടിനും ഇഫ്ത്താഖര്‍ ഹുസൈന്‍ ഒരു റണ്‍സിനും പ്രാന്തിക് ഏഴു റണ്‍സിനും രവികുമാറിന് മുന്നില്‍ വീണപ്പോള്‍ ആരിഫുല്‍ ഇസ്‌ളാമും പൂജ്യത്തിന് പുറത്തായ ഫാഹീമും ഓസ്റ്റാവലിന് മുന്നില്‍ വീണു. 17 റണ്‍സ് എടുത്ത മൊല്ല റണ്ണൗട്ട് ആകുകയു ചെയ്തു.
നായകന്‍ റാകിബുള്‍ ഹസനാണ് ടാംബേയക്ക് മുന്നില്‍ വീണത്. പിന്നാലെ വന്ന മെഹ്‌റോബ് 48 പന്തില്‍ 30 റണ്‍സ് എടുത്തു. 16 റണ്‍സ് എടുത്ത സമനൊപ്പം മികച്ച കൂട്ടുകെട്ട ഉണ്ടക്കിയെങ്കിലും സമന്‍ റണ്ണൗട്ടായതോടെ അതും അവസാനിച്ചു. പിന്നാലെ വന്ന രണ്ടുപേരും എളുപ്പം മടങ്ങുക കൂടി ചെയ്തതോടെ ബംഗ്‌ളാദേശിനെ പൂട്ടിക്കെട്ടി.