ബുംറയുടെ അഭാവത്തിലും തീതുപ്പി ഇന്ത്യൻ ബോളർമാർ, പ്രതിസന്ധി ഘട്ടത്തിൽ മികച്ച ക്യാപ്റ്റൻസി പാടവുമായി കോഹ്‌ലി; ആ കാര്യം ഓസ്‌ട്രേലിയക്ക് അനുകൂലം

സിഡ്‌നിയിൽ കണ്ടത് ഇന്ത്യൻ ബോളർമാരുടെ താണ്ഡവമാണ്. എറിഞ്ഞ എല്ലാ ബോളർമാരും മികവ് കാണിച്ചപ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 185 റൺസ് പിന്തുടർന്ന ഓസ്ട്രേലിയ 181 റൺസിന് പുറത്തായി. ഇന്ത്യക്ക് 4 റൺസിന്റെ ലീഡ്. അരങ്ങേറ്റക്കാരൻ വെബ്സ്റ്റർ 57 റൺ നേടി ടോപ് സ്‌കോറർ ആയപ്പോൾ ഇന്ത്യക്കായി മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ സിറാജും പ്രസീദ് കൃഷ്ണയും മികവ് കാണിച്ചു.

ഇന്നലെ ഖവാജയുടെ രൂപത്തിൽ ആദ്യ വിക്കറ്റ് നഷ്ടമായ ഓസ്‌ട്രേലിയക്ക് ഇന്ന് തുടക്കത്തിൽ തന്നെ തകർച്ചയായിരുന്നു . ലബുഷെയ്‌നെയെ പുറത്താക്കി ബുംറ വീണ്ടും ഇന്ത്യയെ സഹായിച്ചു. പിന്നെ സിറാജിന്റെ ഊഴം ആയിരുന്നു. ഇന്ത്യൻ ബോളർമാർ നോട്ടമിട്ടിരുന്ന സാം കോൺസ്റ്റാസിനെ 23 പുറത്താക്കിയ അദ്ദേഹം ഹെഡിനെയും(4 ) മടക്കി. നല്ല ഒരു കൂട്ടുകെട്ട് ഉണ്ടാക്കാൻ ശ്രമിച്ചവരിൽ മുന്നിൽ ഉണ്ടായിരുന്ന സ്മിത്തിനെയും( 33 ) അതുപോലെ തന്നെ മികച്ച ടച്ചിൽ ആയിരുന്ന കാരിയെയും ( 21 ) പ്രസീദ് കൃഷ്ണ മടക്കി. ഇതിനിടയിൽ പുതുമുഖ താരം വെബ്സ്റ്റർ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. കഴിഞ്ഞ മത്സരത്തിലെ ഹീറോ കമ്മിൻസുമൊത്ത് ഒരു കൂട്ടുകെട്ട് ഉണ്ടാക്കി വരുമ്പോൾ കമ്മിൻസിനെ മടക്കി നിതീഷ് കുമാർ ഇന്ത്യയെ സഹായിച്ചു. ശേഷം മിച്ചൽ സ്റ്റാർക്കിനെയും അദ്ദേഹം തന്നെ മടക്കിയതോടെ ഇന്ത്യ ആവേശത്തിൽ ആയി.

ചെറിയ ലീഡ് പോലും നിർണായകമായതിനാൽ അതിനായി കിണഞ്ഞു ശ്രമിച്ച വെബ്സ്റ്റർ ഒടുവിൽ പ്രസീദ് കൃഷ്ണക്ക് ഇരയായി മടങ്ങി. ശേഷം കഴിഞ്ഞ ടെസ്റ്റിൽ ഇന്ത്യക്ക് ബുദ്ധിമിട്ടുകൾ സൃഷ്‌ടിച്ച ബോളണ്ട്- ലിയോൺ സഖ്യം ഇന്നും 15 റൺ ചേർത്തെങ്കിലും ഒടുവിൽ ബോളണ്ട് 4 റൺ എടുത്ത് സിറാജിന് മുന്നിൽ വീണതോടെ ഓസ്‌ട്രേലിയൻ ഇന്നിങ്സ് തീർന്നു. ഇന്ന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറ ബ്രേക്ക് കഴിഞ്ഞ് ഒരു ഓവർ മാത്രം എറിഞ്ഞിട്ട് മടങ്ങിയത് ക്യാമ്പിൽ ആശങ്ക ഉണ്ടാക്കി. താരത്തെ ഹോസ്പിറ്റലിൽ സ്കാനിങിനായി കൊണ്ടുപോയി എന്നാണ് വാർത്ത. ബുംറയുടെ അഭാവം ടീമിനെ ബാധിക്കാതിരിക്കാനാണ് ഇനി ഇന്ത്യൻ ബാറ്റർമാർ ശ്രമിക്കേണ്ടത്.