ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വൈവാഹിക ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നു. സമാജ്‍വാദി പാർട്ടിയിൽ നിന്നുള്ള പാർലമെന്റ് അംഗമായ പ്രിയ സരോജാണ് വധുവാകുക. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമാണ് റിങ്കു സിംഗ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായത് മുതലാണ് റിങ്കു ശ്രദ്ധിക്കപ്പെടുന്നത്.
ഉത്തർപ്രദേശിലെ മച്ച്‌ലിഷഹർ ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് സമാജ്‌വാദി പാർട്ടിയുടെ പാർലമെന്റ് അംഗമായി പ്രിയ സരോജ് തിരഞ്ഞെടുക്കപ്പെടുന്നത്.വെറും 25 വയസ് മാത്രമുള്ളപ്പോഴാണ് പ്രിയ 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ബിജെപി സ്ഥാനാർത്ഥി ബിപി സരോജിനെയാണ് പ്രിയ പരാജയപ്പെടുത്തിയത്.
വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണെങ്കിലും പ്രിയ സരോജിന് ഒരു ജഡ്ജിയാകാനായിരുന്നു താൽപര്യം. നേരത്തെ സുപ്രീം കോടതിയിൽ വക്കീലായും പ്രിയ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പിതാവ് തുഫാനി സരോജിന് വേണ്ടി പ്രചാരണം നടത്തിയ പ്രിയ ക്രമേണ രാഷ്ട്രീയത്തിലേക്ക് കടന്നുവരികയായിരുന്നു. മുമ്പ് 1999, 2004, 2009 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മച്ച്‌ലിഷഹർ മണ്ഡലത്തിൽ നിന്നുള്ള എം പിയായിരുന്നു തുഫാനി സരോജ്. 2014ൽ വീണ്ടും മത്സരിച്ചെങ്കിലും നരേന്ദ്ര മോദി തരംഗത്തിൽ തുഫാനി പരാജയപ്പെട്ടിരുന്നു.