ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് സിറാജിനു നേരെ ഓസ്ട്രേലിയന്‍ കാണികള്‍ വംശീയാധിക്ഷേപം നത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ ആരാധകന്‍. പ്രതീക് കേല്‍ക്കര്‍ എന്ന വ്യക്തിയാണ് മുഹമ്മദ് സിറാജിന്റെ ആരോപണങ്ങള്‍ നിഷേധിച്ചത്.
“സിറാജിനു നേരെ കാണികള്‍ വംശീയാധിക്ഷേപം നത്തിയിട്ടില്ല. സിഡ്നിയിലേക്ക് സ്വാഗതം സിറാജ് എന്ന് മാത്രമാണ് കാണികള്‍ സിറാജിനോട് പറഞ്ഞത്. അവര്‍ ഒന്നും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞതിന് ഞങ്ങളേയും പുറത്താക്കി. മുമ്പത്തെ ഓവറില്‍ രണ്ട് സിക്സ് വഴങ്ങിയതിന്റെ അസ്വസ്ഥതയാണ് സിറാജ് അവിടെ പ്രകടിപ്പിച്ചത്.” ഇന്ത്യന്‍ ആരാധകനെ ഉദ്ധരിച്ച് സിഡ്നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
മൂന്നാം ടെസ്റ്റിന്റെ മൂന്നാംദിനവും നാലാംദിനവും ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ ഓസീസ് ആരാധകരുടെ വംശീയാധിക്ഷേപം ഉണ്ടായിരുന്നു. “ബ്രൗണ്‍ ഡോഗ്, ബിഗ് മങ്കി” തുടങ്ങിയ വിളികളുമായാണു കാണികളില്‍ ചിലര്‍ സിറാജിനെ അധിക്ഷേപിച്ചത്. സിറാജ് പരാതിയുമായി അമ്പയറെ സമീപിച്ചതോടെ കളി എട്ട് മിനിറ്റോളം നിര്‍ത്തിവെച്ചിരുന്നു.
തുടര്‍ന്ന് ആറ് ആരാധകരെ സ്റ്റേഡിയത്തില്‍ നിന്ന് മാറ്റിയതിന് ശേഷമാണ് കളി പുനരാരംഭിച്ചത്. മൂന്നാം ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ സംഭവം അമ്പയര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ഇന്ത്യന്‍ ടീം ഔദ്യോഗികമായി പരാതിയും നല്‍കിയിരുന്നു. സംഭവത്തില്‍ ഐ.സി.സി അന്വേഷണം നടത്തുന്നുണ്ട്.