സിഡ്നിയിൽ ബൗളിംഗ് ആരംഭിച്ച ഇന്ത്യയുടെ പേസ് അറ്റാക്കിന് മുന്നിൽ ഓസ്‌ട്രേലിയ വിയർക്കുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 185 റൺസ് പിന്തുടർന്ന ഓസീസും ബാറ്റിങ് തകർച്ച നേരിടുകയാണ്. ഒടുവിൽ 30 ഓവർ പിന്നിടുമ്പോൾ 111 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് ഓസീസ്. സാം കോൺസ്റ്റാസ്, ഉസ്മാൻ ഖവാജ, ലബുഷെയ്‌നെ, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.
അലക്സ് ക്യാരിയും വെബ്സ്റ്ററുമാണ് നിലവിൽ ക്രീസിൽ. ബുംമ്രയും സിറാജും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ പ്രസിദ്ധ കൃഷ്‌ണ ഒരു വിക്കറ്റ് നേടി. കോൺസ്റ്റാസ് 23 റൺസും ഉസ്മാൻ ഖവാജ രണ്ട് റൺസും ലബുഷെയ്‌നെ രണ്ട് റൺസും ട്രാവിസ് ഹെഡ് നാല് റൺസും സ്റ്റീവ് സ്മിത്ത് 33 റൺസും നേടി.
ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്താൻ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. നിലവിൽ 2-1ന് ഓസ്ട്രേലിയയാണ് മുന്നിൽ നിൽക്കുന്നത്. പരമ്പര സമനിലയിൽ ആയാൽ നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്കർ ട്രോഫി സ്വന്തമാക്കാൻ കഴിയും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതാ സാധ്യതകളും ഇന്ത്യയ്ക്ക് സജീവമാക്കാൻ കഴിയും.