ഐപിഎല്ലിന് ദിവസങ്ങള്‍ മാത്രമേ ഒള്ളൂ എങ്കിലും ഇന്ത്യന്‍ ടീം ആരാധകര്‍ ആശങ്കയിലാണ്. ലോകകപ്പാണ് മുന്നില്‍ വരുന്നത്. ടീമിന്റെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനമായിട്ടില്ല. പ്രത്യേകിച്ച് ടീമിലെ നാലാമനായി ആര് ഇറങ്ങുമെന്ന കാര്യത്തില്‍. മുന്‍നിര തകര്‍ന്നാല്‍ ടീമിനെ കരകയറ്റാന്‍ കെല്‍പ്പുള്ള താരത്തെ കണ്ടെത്താനുള്ള കൊടിയ ശ്രമത്തിലാണ് ഇന്ത്യ.
ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീം നാലാമനുള്ള പരീക്ഷയായിരുന്നു. അമ്പാട്ടി റായിഡുവും, ഋഷഭ് പന്തും, വിജയ് ശങ്കറുമെല്ലാം പരീക്ഷിക്കപ്പെട്ടുവെങ്കിലും ആരാധകരുടെയും ടീമിന്റെയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഇവര്‍ക്ക് സാധിച്ചില്ല. അതേസമയം, ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്.
ലോകകപ്പ് ടീമിലെ നാലാമനായി ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തണമെന്നാണ് പോണ്ടിങ്ങിന്റെ അഭിപ്രായം. ഐപിഎല്ലില്‍ ശ്രേയസ് ക്യാപ്റ്റന്‍സി വഹിക്കുന്ന ഡല്‍ഹി കാപ്പിറ്റല്‍സിന്റെ പരിശീലകനാണ് പോണ്ടിങ്. റായിഡു, പന്ത്, ശങ്കര്‍ അങ്ങനെ. ശ്രേയസ് അയ്യരേയും പരീക്ഷിക്കണമായിരുന്നു. നല്ല താരമാണ്. നല്ല ആഭ്യന്തര സീസണായിരുന്നു. ചിലപ്പോള്‍ കെ.എല്‍.രാഹുലിനെയും അവര്‍ക്ക് പരിഗണിക്കാനാകും” പോണ്ടിങ് പറഞ്ഞു.
നേരത്തെ ടീമിലെ നാലാമനായി ചേതേശ്വര്‍ പൂജാരയെ പരീക്ഷിക്കണമെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും ടീമിലെ നാലാമനെ കണ്ടെത്താതെ ആരാധകര്‍ക്ക് ആശ്വാസമാകില്ല. അതേസമയം, ശ്രേയസിന്റെ കാര്യത്തില്‍ ആരാധകര്‍ക്ക് അത്ര വിശ്വാസവും പോര!