പരിക്കിന് ശേഷം ആഭ്യന്തര ക്രിക്കറ്റും ദേശീയ ടീമിനായും കളിക്കാതെ ഐപിഎല്ലില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് മുന്‍ പേസര്‍ പ്രവീണ്‍ കുമാര്‍. പണം സമ്പാദിക്കല്‍ മാത്രമാണ് താരത്തിന്റെ ലക്ഷ്യമെന്നും താരങ്ങള്‍ സംസ്ഥാനത്തിനായും കളിക്കാന്‍ തയ്യാറാവണമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
ഐപിഎല്ലിന് രണ്ട് മാസം മുമ്പ് ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റു. പാണ്ഡ്യ രാജ്യത്തിനായി കളിക്കില്ല, ആഭ്യന്തര ക്രിക്കറ്റില്‍ സംസ്ഥാനത്തിനായി കളിക്കില്ല, എന്നിട്ടും നേരിട്ട് ഐപിഎല്ലില്‍ കളിക്കാനിറങ്ങും. ഇങ്ങനെയല്ല കാര്യങ്ങള്‍ ചെയ്യേണ്ടത്. പണം സ്വരൂപിക്കുന്നത് നല്ലതാണ്. അതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ നിങ്ങള്‍ രാജ്യത്തിനായും സംസ്ഥാനത്തിനായും കളിക്കാന്‍ തയ്യാറാവണം. ഇപ്പോള്‍ ആളുകള്‍ ഐപിഎല്ലിന് മാത്രമാണ് പ്രധാന്യം നല്‍കുന്നത്.
രോഹിത് ശര്‍മ്മയ്ക്ക് രണ്ടു മൂന്ന് സീസണുകളില്‍ കൂടി മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാവാനുള്ള ഭാവിയുണ്ടായിരുന്നു. എന്നാല്‍ അന്തിമ തീരുമാനം മാനേജ്മെന്റിന്റെ കൈകളിലായിപ്പോയി- പ്രവീണ്‍ കുമാര്‍ പറഞ്ഞു.
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ പാണ്ഡ്യ ഐപിഎല്‍ 2024ന് മുന്നോടിയായി മുംബൈ ടീം ക്യാമ്പിനൊപ്പം ചേര്‍ന്നു. അതിനുമുമ്പ് പരിക്കായി ഇന്ത്യന്‍ ടീമിന് പുറത്ത് ഇരിക്കുമ്പോഴും പാണ്ഡ്യ ഐപിഎലില്‍ പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലായിരുന്നു.