ന്യൂസിലാന്‍ഡിനെതിരെ ഇന്ന് ആരംഭിക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് മൂന്ന് സൂപ്പര്‍ താരങ്ങള്‍ പുറത്ത്. അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ്മ എന്നിവരാണ് ടീമില്‍ നിന്ന് പുറത്തായിരിക്കുന്നത്. പരിക്കിനെ തുടര്‍ന്നാണ് മൂന്നു പേരെയും രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത് എന്നാണ് ബിസിസിഐയുടെ വിശദ്ധീകരണം.
കാണ്‍പൂരില്‍ നടന്ന ഒന്നാം ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിനത്തില്‍ ഇടതു ചെറുവിരലിന് പരിക്കേറ്റതാണ് ഇഷാന്തിന് തിരിച്ചടിയായത്. ഒന്നാം ടെസ്റ്റിനിടെ വലതു കൈത്തണ്ടയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ജഡേജയുടെ പുറത്താകല്‍. സ്‌കാനിംഗില്‍ താരത്തിന്റെ കൈത്തണ്ടയില്‍ വീക്കമുള്ളതായി കണ്ടെത്തി. തുടര്‍ന്നാണ് ജഡേജയ്ക്ക് വിശ്രമം നല്‍കാന്‍ തീരുമാനിച്ചത്. ഒന്നാം ടെസ്റ്റിന്റെ അവസാന ഗിനം ഫീല്‍ഡിങ്ങിനിടെ അജിങ്ക്യ രഹാനെയ്ക്ക് ഇടത് പിന്‍തുടയില്‍ സ്ട്രെയ്നുണ്ടായി. ഇത് പൂര്‍ണമായി സുഖം പ്രാപിക്കാത്തതിനാലാണ് താരത്തെ ഒഴിവാക്കിയിരിക്കുന്നത്.
ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് മുംബൈയില്‍ ആരംഭിക്കാനിരിക്കെ ടോസ് വൈകുകയാണ്. മഴയെ തുടര്‍ന്നാണ് കളി വൈകുന്നത്. 9.30ന് ഗ്രൗണ്ട് പരിശോധിച്ചെങ്കിലും ഈര്‍പ്പം നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇനിയും ഒരു മണിക്കൂര്‍ കാക്കാനാണ് തീരുമാനം. 10.30ക്ക് വീണ്ടും പരിശോധന നടത്തും.
വ്യാഴാഴ്ച കനത്ത മഴയാണ് മുംബൈയില്‍ ലഭിച്ചത്. ഇന്നും ഇവിടെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാല്‍ മഴ പെയ്യാനുള്ള സാധ്യത 25 ശതമാനം മാത്രമാണ്. അതേസമയം മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും മുംബൈയിലേത്.
ടെസ്റ്റിന്റെ ആദ്യ മൂന്ന് ദിവസവും മുംബൈയില്‍ നേരിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. നാലാം ദിവസത്തിലേക്ക് എത്തുമ്പോള്‍ തെളിഞ്ഞ കാലാവസ്ഥയാവും. എന്നാല്‍ കാലാവസ്ഥാ പ്രവചനങ്ങള്‍ തെറ്റിച്ച് മുംബൈയില്‍ മഴ പെയ്യുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
അഞ്ചുവര്‍ഷത്തിനുശേഷമാണ് വാംഖഡെയില്‍ അന്താരാഷ്ട്ര ടെസ്റ്റ് നടക്കുന്നത്. ഒന്നാം ടെസ്റ്റില്‍ അര്‍ഹിച്ച വിജയം അപ്രതീക്ഷിതമായി വഴുതിപ്പോയ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ വിജയം മാത്രം മുന്നില്‍ കണ്ടാണ് ഇറങ്ങുന്നത്. രണ്ടാം ടെസ്റ്റ് ജയിക്കുന്ന ടീമിന് രണ്ടു ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കാം.