ഇന്ത്യൻ ടീമിൽ രാഹുൽ ദ്രാവിഡിന് ശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി ആരാധകർ വാഴ്ത്തിയ താരമാണ് അജിങ്ക്യാ രഹാനെ. ടെസ്റ്റ് ഫോർമാറ്റിൽ അദ്ദേഹം ഇന്ത്യൻ ടീമിനായി പല മത്സരങ്ങളിലും നിർണായകമായ പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന് സ്ഥാനം ഉണ്ടായിരുന്നില്ല.
അജിങ്ക്യാ രഹാനെയെ തിരഞ്ഞെടുക്കാത്തതിൽ വൻ ആരാധക രോക്ഷവും ഉണ്ടായിരുന്നു. കൂടാതെ ചേതേശ്വർ പുജാരയെയും ഇന്ത്യൻ സ്‌ക്വാഡിൽ ബിസിസിഐ ഉൾപ്പെടുത്തിയില്ല. ഓസ്‌ട്രേലിയക്കെതിരെ നടന്ന പരമ്പര ഇന്ത്യ 3 -1 എന്ന നിലയിലാണ് പരാജയപ്പെട്ടത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടീം പുറത്താകുകയും ചെയ്തു. ബിസിസിഐ ടീമിലേക്ക് വിളിക്കുന്നതിന് പകരം കമെന്റേറ്ററായി വരണമെന്നായിരുന്നു തന്നോട് പറഞ്ഞതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അജിങ്ക്യാ രഹാനെ.
അജിങ്ക്യാ രഹാനെ പറയുന്നത് ഇങ്ങനെ:
” ഓസീസ് മണ്ണിൽ നടന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ കമന്ററി പറയാനായി എനിക്ക് ക്ഷണം ലഭിച്ചിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് വിളി പ്രതീക്ഷിച്ചിരിക്കുമ്പോഴായിരുന്നു എനിക്ക് ഈ ക്ഷണം ലഭിച്ചത്. കേട്ടപ്പോൾ തന്നെ ഞാൻ ഷോക്ക് ആയി പോയി. വിരമിക്കാൻ പദ്ധതിയില്ലാത്തതിനാലും ഇനിയും കളി തുടരാനാകുമെന്ന് ഉറപ്പുള്ളതിനാലുമാണ് കമന്ററി പറയാനുള്ള ക്ഷണം ഞാൻ നിരസിച്ചത്. വന്‍തുക പ്രതിഫലമായി വാഗ്ദാനം ചെയ്‌തെങ്കിലും ആ ഓഫര്‍ ഞാൻ സ്വീകരിച്ചില്ല”
അജിങ്ക്യാ രഹാനെ തുടർന്നു:
” പലരും പറയാറുണ്ട് അവസരങ്ങൾ ലഭിക്കാൻ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കണമെന്ന്, വേണമെങ്കിൽ അതിന് പിആർ ടീമിനെ ആശ്രയിക്കുന്നതിൽ തെറ്റില്ലെന്നും ചിലർ പറയുന്നു, എന്നാൽ എനിക്ക് പിആർ ടീമില്ല, ഗ്രൗണ്ടിൽ നടത്തുന്ന പ്രകടനം മാത്രമാണ് വാർത്തകളിൽ നിറയാനുള്ള മാർഗം” അജിങ്ക്യാ രഹാനെ പറഞ്ഞു.