ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാരെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ചുരക്കപട്ടികയിലെത്തിയ ഒരാള്‍ പിന്മാറി. ചുരുക്കപ്പട്ടികയില്‍ ആറു പേരുണ്ടായിരുന്നെങ്കിലും വെസ്റ്റിന്‍ഡീസില്‍നിന്നുള്ള ഫില്‍ സിമ്മണ്‍സ് അഭിമുഖത്തില്‍നിന്ന് പിന്‍മാറി. “വ്യക്തിപരമായ കാരണങ്ങള്‍” ചൂണ്ടിക്കാട്ടിയാണ് സിമ്മണ്‍സിന്റെ പിന്‍മാറ്റം.
ഇതോടെ അവശേഷിക്കുന്ന അഞ്ച് പേരില്‍ നിന്നും കോച്ചായി ആരെ തിരഞ്ഞെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ ഉപദേശക സമിതിയാണ് അഭിമുഖം സംഘടിപ്പിക്കുന്നത്. വനിതാ ടീം മുന്‍ ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമി, മുന്‍ പരിശീലകന്‍ കൂടിയായ അന്‍ഷുമാന്‍ ഗെയ്ക്കവാദ് എന്നിവരാണ് സമിതിയംഗങ്ങള്‍. റിപ്പോർട്ട് അനുസരിച്ചു രാത്രി 7 മണിക്ക് നടക്കുന്ന വാര്‍ത്തസമ്മേളനത്തിലൂടെ തന്നെ പുതിയ കോച്ചിനെ പ്രഖ്യാപിക്കും.
നിലവിലെ മഖ്യ പരിശീലകന്‍ രവി ശാസ്ത്രി, ഐപിഎല്ലിലെ ഹൈദരാബാദ് ടീം മുന്‍ കോച്ചും ഓസ്ട്രേലിയന്‍ മുന്‍താരവുമായ ടോം മൂഡി, ന്യൂസിലന്‍ഡിന്റെയും ഐപിഎല്‍ ടീമായ പഞ്ചാബിന്റെയും പരിശീലകനായിരുന്ന മൈക്ക് ഹെസന്‍, 2007ലെ ലോക ടി20 വിജയിച്ച ഇന്ത്യന്‍ ടീമിന്റെ മാനേജര്‍ ആയിരുന്ന ലാല്‍ചന്ദ് രജ്പുത്, ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ റോബിന്‍ സിംഗ് എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്.
രവിശാസ്ത്രിയ്ക്കും ടോം മൂഡിയ്ക്കും മൈക് ഹെസനുമാണ് ഏറ്റവും അധികം സാധ്യത കല്‍പിയ്ക്കുന്നത്. നായകന്‍ വിരാട് കോഹ്ലിയുടെ പിന്തുണ ശാസ്ത്രിയ്ക്കാണ്.
2017ല്‍ അനില്‍ കുംബ്ലേയ്ക്ക് പകരമായാണ് ശാസ്ത്രി ചുമതലയേറ്റത്. ഇക്കാലയളവില്‍ 21 ടെസ്റ്റുകളില്‍ കളിച്ചപ്പോള്‍ 13ലും ഇന്ത്യ ജയിച്ചു. 60 ഏകദിനങ്ങളില്‍ 43 എണ്ണവും 36 ടി20കളില്‍ 25ലും ഇന്ത്യ വിജയിക്കുകയുണ്ടായി. ഇന്ത്യന്‍ ടീമിനൊപ്പം വിന്‍ഡീസ് പര്യടനത്തില്‍ ആയതിനാല്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെയായിരിക്കും ശാസ്ത്രി അഭിമുഖത്തില്‍ പങ്കെടുക്കുക.