'അദ്ദേഹം എന്നോട് ഒന്നും ചോദിക്കാതെ ഫീല്‍ഡ് ക്രമീകരിച്ചു, അത് ഇന്നും മനസ്സില്‍ ഉടക്കി നില്‍ക്കുന്നു'; വെളിപ്പെടുത്തി എന്‍ഗിഡി

2018ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഫൈനലില്‍ നായകന്‍ എംഎസ് ധോണിയുടെ ഒരു നിര്‍ണായക തീരുമാനം ഓര്‍ത്തെടുത്ത് ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ലുംഗി എന്‍ഗിഡി. ധോണിയുടെ ആ അപ്രതീക്ഷി നീക്കം തന്നെ അമ്പരപ്പിച്ചെന്നും ഇന്നും അത് മനസില്‍ ഉടക്കി നില്‍ക്കുന്നുണ്ടെന്നും എന്‍ഗിഡി പറഞ്ഞു.

‘2018ലെ സണ്‍റൈസേഴ്സ് ഹൈദരാബാദുമായുള്ള ഫൈനലില്‍ ഫീല്‍ഡ് ക്രമീകരണത്തെക്കുറിച്ച് ഞാനും ധോണിയും പരസ്പരം സംസാരിക്കുകയൊന്നും ചെയ്തില്ല. പക്ഷെ അദ്ദേഹം എന്നോടു ഒന്നും പറയാതെ തന്നെ ഫീല്‍ഡ് ക്രമീകരണത്തില്‍ മാറ്റം വരുത്തി. കുറച്ചു ബോളുകള്‍ക്കു ശേഷം അതിനു ഫലവും കണ്ടു. ധോണി പൊസിഷന്‍ മാറ്റിയ ഫീല്‍ഡറായിരുന്നു ക്യാച്ചെടുത്തത്.’

File photo of Lungi Ngidi playing for CSK alongside MS Dhoni.(Twitter)

‘എന്നെ സംബന്ധിച്ചിടത്തോളം എല്ലായ്പ്പോഴും മനസ്സില്‍ ഉടക്കി നില്‍ക്കുന്ന കാര്യമാണ് അത്. കാരണം ഫൈനില്‍ അത്തരമൊരു ഘട്ടത്തില്‍ താന്‍ ആഗ്രഹിച്ച പ്ലാന്‍ നടപ്പാക്കിയത് എങ്ങനെ ബോള്‍ ചെയ്യണമെന്ന കാര്യത്തില്‍ എനിക്കു കൂടുതല്‍ ആത്മവിശ്വാസം നല്‍കി. ഗ്രൗണ്ടില്‍ ഒരു കാര്യം മുന്‍കൂട്ടി കാണാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് ഇതു കാണിച്ചുതന്നത്’ എന്‍ഗിഡി പറഞ്ഞു.

ഈ മല്‍സരത്തില്‍ 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റായിരുന്നു എന്‍ഗിഡി വീഴ്ത്തിയത്. 17ാമത്തെ ഓവറിലായിരുന്നു ദീപക് ഹൂഡയെ അദ്ദേഹം പുറത്താക്കിയത്. മുംബൈയിലെ വാംഖഡെയില്‍ നടന്ന ഫൈനസില്‍ ചെന്നൈ എട്ടു വിക്കറ്റിനു ജയിക്കുകയും ചെയ്തു.