ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് – കിംഗ്സ് ഇലവന്‍ പഞ്ചാബ് മത്സരം ഏറെ സംഭവബഹുലമായിരുന്നു. വിജയികളെ തിരഞ്ഞെടുക്കാന്‍ രണ്ട് സൂപ്പര്‍ ഓവറുകളാണ് വേണ്ടി വന്നത്. മത്സരവും തുടര്‍ന്ന് നടത്തിയ സൂപ്പര്‍ ഓവറും സമനിലയായതോടെയാണ് വീണ്ടും സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്. മത്സരത്തില്‍ പഞ്ചാബ് ജയിച്ചെങ്കിലും പഞ്ചാബ് താരം ക്രിസ് ജോര്‍ദാന്റെ ചെറിയൊരു പിഴവാണ് മത്സരത്തിന്റെ മുഖം തന്നെ മാറ്റിയത്.
അവസാന ബോളില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ വിജയ റണ്ണിനായുള്ള ജോര്‍ദാന്റെ വളഞ്ഞോട്ടവും അത് സമ്മാനിച്ച റണ്ണൗട്ടുമാണ് കാര്യങ്ങള്‍ തകിടം മറിച്ചത്. നേരെ ഓടിയാല്‍ 17 മീറ്റര്‍ മാത്രം നീളമുള്ള പിച്ചില്‍, വളഞ്ഞ വഴിക്ക് ഓടി ജോര്‍ദാന്‍ പിന്നിട്ടത് 22 മീറ്ററാണ്. എന്നാല്‍ തീരെ ചെറിയ വ്യത്യാസത്തിലായിരുന്നു ജോര്‍ദാന്റെ ഔട്ട് എന്നതിനാല്‍ നേരെ ഓടിയിരുന്നെങ്കില്‍ സൂപ്പര്‍ ഓവറില്ലാതെ തന്നെ പഞ്ചാബ് ജയിച്ചേനെ. കാണുന്നവര്‍ക്ക് സംഭവം മണ്ടത്തരമാണെന്ന് തോന്നുമെങ്കിലും അന്ന് തന്റെ ഭാഗത്തു നിന്ന് അത് സംഭവിക്കാന്‍ കാരണമെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജോര്‍ദാന്‍.
“ശരിയാണ്, പുറത്തു നിന്ന് നോക്കുമ്പോള്‍ അന്ന് ഞാന്‍ ഓടിയത് വിഡ്ഢിത്തമായെന്ന് തോന്നും. അത് സ്വാഭാവികം. പക്ഷേ, തിരിഞ്ഞോടുന്ന സമയത്ത് എന്റെ കാല്‍ വഴുതിപ്പോയി എന്നതാണ് സത്യം. കാല്‍ വഴുതിയിട്ടും നേരെ ഓടാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാന്‍ വീണുപോകുമായിരുന്നു. അതുകൊണ്ടാണ് വളഞ്ഞ് ഓടിയത്”
“തിരിച്ചോടുമ്പോള്‍ വളഞ്ഞ വഴിക്കാണെങ്കിലും ഞാന്‍ ഏതാണ്ട് ക്രീസിന് അടുത്തെത്തിയതാണ്. പന്ത് എന്റെ കാലില്‍ വന്നിടിച്ചപ്പോള്‍ സ്റ്റമ്പില്‍ കൊള്ളാതെ വഴിമാറി പോയെന്നാണ് ഞാന്‍ കരുതിയത്. അതുകൊണ്ട് ക്രീസിലേക്ക് ഡൈവ് ചെയ്യാനും ശ്രമിച്ചില്ല. പക്ഷേ, ചെറിയ വ്യത്യാസത്തിന് ഞാന്‍ പുറത്തായി” ജോര്‍ദാന്‍ പറഞ്ഞു.