പഞ്ചാബിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങേണ്ടി വന്ന ഞെട്ടലിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പഞ്ചാബിനെ 126 എന്ന ചെറിയ സ്‌കോറില്‍ ഒതുക്കിയിട്ടും 14 റണ്‍സിന് തോല്‍ക്കാനായിരുന്നു ഹൈദരാബാദിന്റെ വിധി. ഈ തോല്‍വി വളരെയധികം വേദനിപ്പിക്കുന്നതാണെന്ന് ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.
“ഈ തോല്‍വി വളരെയധികം വേദനിപ്പിക്കുന്നു. അവരെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ ഞങ്ങളുടെ ബൗളര്‍മാര്‍ നന്നായി അധ്വാനിച്ചു.മികച്ച തുടക്കം ലഭിച്ചതിന് ശേഷം പെടലില്‍ നിന്ന് ഞങ്ങള്‍ കാലെടുത്തു. സ്പിന്‍ ബൗളര്‍മാരുടെ പ്രകടനമാണ് വഴിത്തിരിവായത്. സമ്മര്‍ദ്ദവും തിരിച്ചടിയായി.”
“ന്യൂ ബോളില്‍ മനോഹരമായി ഞങ്ങള്‍ പന്തെറിഞ്ഞു. ഞങ്ങളുടെ ബൗളര്‍മാര്‍ പദ്ധതി മനോഹരമായി നടപ്പിലാക്കി. അവരെക്കുറിച്ചോര്‍ത്ത് വളരെ സന്തോഷം മാത്രം. ഈ മത്സരം മറന്ന് മുന്നോട്ടുപോവുകയാണ് ഇനി വേണ്ടത്” വാര്‍ണര്‍ പറഞ്ഞു.
പഞ്ചാബിനോട് തോറ്റതോടെ 11 മത്സരത്തില്‍ നിന്ന് 8 പോയിന്റുമായി ഹൈദരാബാദ് ആറാം സ്ഥാനത്തായി. ജയത്തോടെ 11 കളികളില്‍ നിന്ന് 5 ജയവുമായി പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്തിയ പഞ്ചാബ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി.