ഐ.പി.എല്‍ പ്രേമികള്‍ ഏറെ മിസ് ചെയ്യുന്ന പ്രകടനങ്ങളിലൊന്ന് പഞ്ചാബ് താരം ഗ്ലെന്‍ മാക്സ്വെല്ലിന്റേതാകും. സീസണില്‍ ഇതുവരെ മികച്ച ഒരു പ്രകടനം മാക്സ്വെല്ലിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. എന്നിരുന്നാലും പഞ്ചാബ് ടീമില്‍ താരം തന്റെ സ്ഥാനം നിലനില്‍ത്തുന്നു എന്നതാണ് അത്ഭുതം. ഇപ്പോഴിതാ അതിനുള്ള കാരണം എന്തെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.
“ഒരുപാട് പണം മാക്സ്വെല്ലിനായി ടീം ചെലവാക്കിയിട്ടുണ്ട്. പിന്നെങ്ങനെയാണ് അദ്ദേഹത്തെ പുറത്തിരുത്തുക. പഞ്ചാബ് മാക്സ്വെല്ലിനെ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ഒക്കെ കളിപ്പിച്ച് നോക്കി. എവിടെയും അയാള്‍ വിജയമാകുന്നില്ല. ഇപ്പോള്‍ ബോളിംഗ് ലൈനപ്പിന്റെ ഭാഗമായിട്ടാണ് മാക്സ്വെല്‍ ടീമില്‍ കളിക്കുന്നത്. ഒരുപക്ഷേ ഇപ്പോഴുള്ളതായിരിക്കും പഞ്ചാബിന്റെ ഏറ്റവും മികച്ച ബോളിംഗ് ലൈനപ്പ്. അതിലാണ് ഏറ്റവും നല്ല പ്രകടനം മാക്സ്വെല്ലിന് പുറത്തെടുക്കാന്‍ സാധിക്കുക.”
“പഞ്ചാബിനെ മാക്സ്വെല്ലിനെ ബാറ്റിംഗ് ഫോം നന്നായി ബാധിക്കുന്നുണ്ട്. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ മാക്സ്വെല്‍ വന്‍ ഫ്ളോപ്പാണ്. മറ്റേതെങ്കിലും ഫ്രാഞ്ചൈസി ആയിരുന്നെങ്കില്‍ മാക്സ്വെല്‍ ഇത്രയും മത്സരങ്ങള്‍ കളിക്കില്ലായിരുന്നു. ഒരു ടീമും ഫോമില്ലാത്ത താരത്തെ തുടരാന്‍ അനുവദിക്കില്ല” ഗംഭീര്‍ പറഞ്ഞു.
ഈ സീസണില്‍ ഇതുവരെ 12 മത്സരങ്ങളില്‍ നിന്ന് 102 റണ്‍സും മൂന്ന് വിക്കറ്റുമാണ് മാക്‌സ്‌വെല്ലിന് നേടാനായത്. ഈ സീസണില്‍ പഞ്ചാബ് ഓഫ് സ്പിന്നര്‍ എന്ന നിലയിലാണ് മാക്സ്വെല്ലിനെ കൂടുതലായി ഉപയോഗിക്കുന്നത്. പവര്‍പ്ലേയില്‍ റണ്ണൊഴുക്ക് തടയലാണ് മുഖ്യശ്രമം.