ഇന്ത്യന്‍ യുവതാരവും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓപ്പണര്‍ ബാറ്റ്‌സ്മാനുമായ പൃഥ്വി ഷായെ വീരേന്ദ്ര സെവാഗുമായി താരതമ്യം ചെയ്ത് മുന്‍ ഇംഗ്ലണ്ട് താരം ഗ്രേയം സ്വാന്‍. വീരേന്ദ്ര സെവാഗിന്റെ മിനി വേര്‍ഷനാണ് പൃഥ്വി ഷായെന്ന് സ്വാന്‍ പറഞ്ഞു. ഡല്‍ഹി ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ളവരാണെന്നും വളരെ ആത്മവിശ്വാസത്തോടയൊണ് അവരുടെ കളിയെന്നും സ്വാന്‍ പറഞ്ഞു.
“പൃഥ്വി ഷാ, എന്തൊരു താരമാണ് അദ്ദേഹം. ഷാ ബാറ്റ് ചെയ്യുന്ന രീതി എനിക്ക് ഇഷ്ടമാണ്. അദ്ദേഹം ബേബി സെവാഗാണ്. സെവാഗിന്റെ മിനിയേച്ചര്‍ വേര്‍ഷനെ പോലെയാണ് പൃഥ്വി ഷാ. സെവാഗ് എന്റെ എക്കാലത്തെയും ഇഷ്ടപ്പെട്ട ഇന്ത്യന്‍ താരമാണ്. ഡല്‍ഹിക്ക് ശക്തമായ ഒരു ടീമാണ് ഉള്ളത്. അവര്‍ വളരെ ആത്മവിശ്വാസത്തോടെയാണ് കളിക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ കഴിയുന്ന ടീമാണ് അവര്‍” സ്വാന്‍ പറഞ്ഞു.
ഷായുടെ വെടിക്കെട്ട് പ്രകടനം ഡല്‍ഹിക്ക് ടൂര്‍ണമെന്റില്‍ മികച്ച തുടക്കം പലപ്പോഴും നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്ഥിരതയില്ലായ്മ വലിയ പ്രശ്നമാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് 25.25 ആണ് ശരാശരിയില്‍ 202 റണ്‍സാണ് പൃഥ്വി ഷാ നേടിയത്. രണ്ട് അര്‍ധ സെഞ്ച്വറികള്‍ ഷായുടെ പേരിലുണ്ട്. 42, 66, 64 എന്നിവയാണ് ഷായുടെ ഈ സീസണിലെ മികച്ച സ്‌കോറുകള്‍.
യുവതാരങ്ങളാല്‍ സമ്പന്നമായ ഡല്‍ഹി മികച്ച പ്രകടനമാണ് സീസണില്‍ നടത്തുന്നത്. അവരുടെ വിജയങ്ങളില്‍ പോലും സര്‍വ്വാധിപത്യം പ്രകടമാണ്. സീസണില്‍ ഹൈദരാബാദിനോടും മുംബൈയോടും മാത്രമാണ് അവര്‍ തോല്‍വി വഴങ്ങിയിട്ടുള്ളത്. 8 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനത്തുണ്ട് ഡല്‍ഹി.