2019- ലെ ഐ.പി.എല്ലില്‍ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയ താരമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഇമ്രാന്‍ താഹിര്‍. ഇത്തവണ ടീമിലുണ്ടെങ്കിലും ഒരു മത്സരത്തില്‍ പോലും താഹിറിന് കളിക്കാനായിട്ടില്ല. എന്നാല്‍ 12-ാമനായി പലപ്പോഴും താഹിറിനെ ഗ്രൗണ്ടില്‍ ആരാധകര്‍ കണ്ടിട്ടുണ്ട്. സഹതാരങ്ങള്‍ക്ക് വെള്ളവുമായെത്തുന്ന താഹിര്‍ ക്രിക്കറ്റ് ആരാധകരെ വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. ഇപ്പോഴിതാ തന്റെ അവസ്ഥയെ സഹതാരം ഡുപ്ലേസിയോട് ഉപമിച്ചിരിക്കുകയാണ് താഹിര്‍.
“ഈ സീസണില്‍ എന്നാണ് കളിക്കാന്‍ അവസരം കിട്ടുക എന്ന് എനിക്കറിയില്ല. നേരത്തെ, ഫാഫ് ഡുപ്ലേസി ഒരു സീസണ്‍ മുഴുവന്‍ വെള്ളം ചുമന്നിട്ടുണ്ട്. അത് വളരെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു. ടി20യില്‍ വളരെ മികച്ച ശരാശരിയുള്ള താരമാണ് ഡുപ്ലേസി എന്ന് ആലോചിക്കണം. ആ ജോലി ഇത്തവണ എനിക്കാണ് ലഭിച്ചിരിക്കുന്നത്. അന്ന് അദ്ദേഹം അനുഭവിച്ചത് എന്താണെന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്. ഇതേക്കുറിച്ച് ഡുപ്ലേസിയോടും ഞാന്‍ സംസാരിച്ചിരുന്നു” താഹിര്‍ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമാണ് താഹിര്‍. കഴിഞ്ഞ സീസണില്‍ 17 മത്സരങ്ങളില്‍ നിന്ന് 26 വിക്കറ്റുകളാണ് താഹിര്‍ വീഴ്ത്തിയത്. സാം കറന്‍, ഡ്വെയിന്‍ ബ്രാവോ തുടങ്ങിയവരുടെ ഓള്‍റൗണ്ട് മികവ് കൊണ്ടാണ് താഹിറിന് പുറത്തിരിക്കേണ്ടി വന്നത്. ബ്രാവോ പരിക്കേറ്റ് പുറത്തായതോടെ താഹിറിന് നറുക്ക് വീഴുമെന്നാണ് കരുതുന്നത്.
Read more
ഇന്ന് ഷാര്‍ജയില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ, മുംബൈ ഇന്ത്യന്‍സിനെ നേരിടും. മുംബൈയ്ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈ വിജയിച്ചിരുന്നു. ഇനിയുള്ള മത്സരങ്ങളിലെങ്കിലും യുവതാരങ്ങള്‍ക്ക് ധോണി അവസരം കൊടുക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.