ഐ.പി.എല്‍ 13ാം സീസണ്‍ സെപ്റ്റംബര്‍ 19-ന് യു.എ.ഇയില്‍ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സിന് കടുത്ത തിരിച്ചടി. മുംബൈയുടെ ശ്രീലങ്കന്‍ സൂപ്പര്‍ പേസര്‍ ലസിത് മലിംഗ ഇത്തണത്തെ ഐ.പി.എല്ലില്‍ പങ്കെടുക്കില്ല. പിതാവിന്റെ രോഗത്തെ തുടര്‍ന്നാണ് മലിംഗ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.
മുംബൈ ടീമിനൊപ്പം യു.എ.ഇയിലേക്ക് മലിംഗ എത്തിയിരുന്നില്ല. പിതാവിന്റെ അസുഖവുമായി ബന്ധപ്പെട്ട് നിലവില്‍ നാട്ടിലാണ് മലിംഗയുള്ളത്. താരത്തിന് പകരക്കാരനായി ഓസ്‌ട്രേലിയന്‍ പേസര്‍ ജെയിംസ് പാറ്റിന്‍സണെ മുംബൈ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ ഫൈനലില്‍ ചെന്നൈയെ പിടിച്ചു കെട്ടിയ മലിംഗയുടെ ബോളിംഗ് മികവ് ടീമിന് തുടക്കത്തിലെ കിട്ടില്ല എന്നുള്ളത് ടീമിന് തിരിച്ചടിയാണ്. ഐ.പി.എല്ലില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍ 36- കാരനായ മലിംഗയാണ്. 122 മത്സരത്തില്‍ നിന്ന് 170 വിക്കറ്റാണ് ഐ.പി.എല്ലില്‍ മലിംഗ വീഴ്ത്തിയിട്ടുള്ളത്.
മലിംഗയുടെ അഭാവത്തില്‍ ജസ്പ്രീത് ബൂംറ, ട്രന്റ് ബോള്‍ട്ട്, നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍, മിച്ചല്‍ മഗ്ലെങ്ങന്‍ തുടങ്ങിയ മികച്ച പേസ് നിരയാകും മുംബൈക്ക് കരുത്താവുക. സെപ്റ്റംബര്‍ 19ന് ചെന്നൈക്കെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.