ഐ.പി.എല്ലില്‍ ഇന്നത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30-ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ഈ സീസണിലെ ആദ്യമത്സരത്തില്‍ ഡല്‍ഹിയോടേറ്റ പരാജയത്തിനു കണക്കു തീര്‍ക്കാനും തുടര്‍ന്ന് ശക്തമായ തിരിച്ചുവരവ് നടത്താനുമാണ് സ്മിത്തിന്റെയും കൂട്ടരുടെയും ശ്രമം.
സ്റ്റീവ് സ്മിത്തിന്റെയും സഞ്ജു സാംസണിന്റെയും രാജസ്ഥാന്‍ റോയല്‍സ് സീസണ്‍ നന്നായി തുടങ്ങി എങ്കിലും പിന്നീട് പരാജയങ്ങളുടെ ഘോഷയാത്രയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച രാജസ്ഥാന്‍ പിന്നീട് നാല് മത്സരങ്ങള്‍ അടുപ്പിച്ച് തോറ്റു. ഒടുവില്‍ ഹൈദരാബാദിനോട് ജയിച്ച് പ്രതീക്ഷ കാത്തു. ബാറ്റിംഗ് നിര നിരാശപ്പെടുത്തുന്നതാണ് രാജസ്ഥാന്റെ പ്രധാന പ്രശ്നം. സ്റ്റീവ് സ്മിത്ത്, ജോസ് ബട് ലര്‍, സഞ്ജു സാംസണ്‍ എന്നിവരില്‍ നിന്ന് സ്ഥിരതയാര്‍ന്ന പ്രകടനം ഉണ്ടാകുന്നില്ല. രാഹുല്‍ തെവാട്ടിയയും റിയാന്‍ പരാഗും പ്രതീക്ഷ നല്‍കുന്നുണ്ട്. ബോളിംഗില്‍ ആര്‍ച്ചര്‍ നയിക്കുന്ന പേസ് നിര സുശക്തമാണ്. ബെന്‍ സ്റ്റോക്സ് ടീമിനൊപ്പം ചേര്‍ന്നതും കാര്യങ്ങളില്‍ മാറ്റമുണ്ടാക്കിയേക്കും.
ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് വിജയവും രണ്ട് തോല്‍വിയുമടക്കം 10 പോയിന്റുമായി ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. യുവതാരങ്ങളാല്‍ സമ്പന്നമായ ഡല്‍ഹി മികച്ച പ്രകടനമാണ് സീസണില്‍ നടത്തുന്നത്. സീസണില്‍ ഹൈദരാബാദിനോടും മുംബൈയോടും മാത്രമാണ് അവര്‍ തോല്‍വി വഴങ്ങിയിട്ടുള്ളത്. എന്നാല്‍ റിഷഭ് പന്തിന്റെ പരിക്ക് ടീമിന് തലവേദനയായിട്ടുണ്ട്. മധ്യനിരയില്‍ റിഷഭിന്റെ അസാന്നിദ്ധ്യം കാര്യമായി ബാധിക്കും. അജിന്‍ക്യ രഹാനെ ഇന്നും ടീമില്‍ ഇടം പിടിച്ചേക്കും.
കളിക്കണക്കു നോക്കിയാല്‍ ഇരുടീമും 21 തവണ ഇരൂടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 11 ലും ഡല്‍ഹി തോറ്റു. 10 മത്സരങ്ങളില്‍ രാജസ്ഥാനും. ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 46 റണ്‍സിന് ഡല്‍ഹി വിജയിച്ചിരുന്നു. ദുബായ് സ്റ്റേഡിയത്തില്‍ രണ്ടാമത് ബാറ്റിംഗ് ദുഷ്‌കരമായതിനാല്‍ ടോസ് മത്സരത്തില്‍ നിര്‍ണായകമാവും.