ഐ.പി.എല്ലില്‍ ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30-നാണ് മത്സരം. തുടര്‍ച്ചയായ മൂന്ന് തോല്‍വികളുടെ ഭാരമേറി പഞ്ചാബ് എത്തുമ്പോള്‍ വിജയവഴിയില്‍ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്.
പഞ്ചാബിനായി കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കുന്നതെങ്കിലും പിന്നാലെ എത്തുന്നവര്‍ കാര്യമായ സംഭാവനകള്‍ നല്‍കാത്തതാണ് ടീമിന്റെ പ്രധാന പ്രശ്‌നം. ബോളിംഗ് നിരയും നിലവാരത്തിനൊന്ന് ഉയരുന്നില്ല. ഇതുവരെയും ഫോമിലേക്ക് എത്താകാനാത്ത മാക്‌സ്‌വെല്ലിന് ടീമിന് പുറത്തായേക്കും. ക്രിസ് ഗെയ്ല്‍ പകരം എത്തിയേക്കുമെന്നാണ് സൂചന. ഈ സീസണില്‍ ഇതുവരെ ഗെയ്ല്‍ ഒരു മത്സരത്തിലും ഇറങ്ങിയിരുന്നില്ല.
ജോണി ബെയര്‍സ്റ്റോ, ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ, കെയിന്‍ വില്യംസന്‍ എന്നിവരടങ്ങിയ ബാറ്റിംഗ് നിരയാണ് ഹൈദരാബാദിന്റെ പ്രധാന കരുത്ത്. ബോളിംഗില്‍ ഭുവനേശ്വര്‍ കുമാര്‍ പരിക്കേറ്റു പുറത്തായത് ടീമിന് തിരിച്ചടിയായിട്ടുണ്ട്. ടി നടരാജ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ടെങ്കിലും കൗള്‍, സന്ദീപ് ശര്‍മ എന്നിവര്‍ വേണ്ടത്ര ശോഭിക്കുന്നില്ല.
അഞ്ച് വീതം മത്സരങ്ങള്‍ കളിച്ച സണ്‍റൈസേഴ്‌സിന് നാലും പഞ്ചാബിന് രണ്ടും പോയിന്റുകളാണുള്ളത്. ബാംഗ്ലൂരിനെതിരെ നേടിയ വിജയം മാത്രമാണ് പഞ്ചാബിന് ആശ്വസിക്കാനുള്ളത്. ഡല്‍ഹിയോടും ചെന്നൈയോടുമാണ് ഹൈദരാബാദിന്റെ വിജയം. കളിക്കണക്കു നോക്കിയാല്‍ ഇരുടീമും 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 10ലും ജയം ഹൈദരാബാദിനായിരുന്നു. 4 എണ്ണത്തില്‍ പഞ്ചാബ് ജയിച്ചു. 2014 ല്‍ യു.എ.ഇയില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 72 റണ്‍സിന് പഞ്ചാബ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയിരുന്നു.