ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം പാദത്തിന് ഇറങ്ങുമ്പോള്‍ കൈയിലുള്ള കളിക്കാരെ കൂടി രാജസ്ഥാന്‍ പോലുള്ള ടീമുകള്‍ക്ക് നഷ്ടമാകുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ബമ്പറടിച്ച സന്തോഷമാണ്. ആദ്യ പാദത്തില്‍ ടീമിനൊപ്പം ഇല്ലാതിരുന്ന ഓസീസ് പേസര്‍ ജോഷ് ഹെയ്സല്‍വുഡ് രണ്ടാം പാദത്തില്‍ കളിക്കാനെത്തുമെന്നതാണ് ചെന്നൈയുടെ സന്തോഷത്തിന് കാരണം. ഹെയ്സല്‍വുഡ് കളിക്കാനെത്തുമെന്നകാര്യം ടീം ഔദ്യോഗികമായി അറിയിച്ചു.
‘ഹെയ്സല്‍വുഡ് സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന രണ്ടാം പാദം കളിക്കുമെന്നത് ഉറപ്പായിട്ടുണ്ട്. ആദ്യ പാദത്തില്‍ കളിക്കാനില്ലാതിരുന്ന താരങ്ങള്‍ക്ക് രണ്ടാം പാദത്തില്‍ ടീമിനൊപ്പം ചേരാമെന്ന് ബി.സി.സി.ഐ പറഞ്ഞിട്ടുണ്ട്. ഹെയ്സല്‍വുഡിന്റെ ഫോം സി.എസ്.കെയെ സംബന്ധിച്ച് കരുത്തുയര്‍ത്തുന്ന കാര്യമാണ്’ സി.എസ്.കെ സി.ഇ.ഒ കാശി വിശ്വനാഥന്‍ പറഞ്ഞു.
Read more
ലൂങ്കി എന്‍ഗിഡി, ഡ്വെയ്ന്‍ ബ്രോവോ, മൊയിന്‍ അലി എന്നിവര്‍ കളിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ ഹെയ്സല്‍വുഡും കളിക്കുമെന്ന വാര്‍ത്ത ധോണിയെയും സംഘത്തെയും കൂടുതല്‍ കരുത്തരാക്കും. ആദ്യ പാദം അവസാനിക്കുമ്പോള്‍ നിലവില്‍ ചെന്നൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്.