ഐപിഎല്ലിന്റെ ഈ സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡൊമിനിക്ക് ഡ്രേക്ക്സാണ് സിഎസ്‌കെ ടീമിലേക്കു വരുന്നത്. ഇടംകൈയന്‍ ബാറ്റ്സ്മാനുും ഇടംകൈയന്‍ മീഡിയം പേസറുമാണ് ഡ്രേക്ക്സ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത താരം കരീബിയന്‍ പ്രീമിയര്‍ ലീഗിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 2020ലെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്റ് കിറ്റ്സ് ആന്റ് നെവിസ് പാട്രിയറ്റ്സ് ടീമില്‍ അംഗമായിരുന്നു താരം. ഈ സീസണില്‍ സെന്റ് കിറ്റ്സ് കന്നി കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയപ്പോള്‍ കളിയിലെ താരം ഡ്രേക്ക്സായിരുന്നു. 24 ബോളില്‍ പുറത്താവാതെ 48 റണ്‍സെടുത്ത ഡ്രേക്ക്സായിരുന്നു ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച്.
പുറംഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും സാം കറെന്‍ പിന്മാറിയത്. വരുന്ന ടി20 ലോക കപ്പില്‍ നിന്നും താരം പിന്മാറിയിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന ഐപിഎല്‍ 14ാം സീസണിന്റെ ആദ്യപാദത്തില്‍ സിഎസ്‌കെയ്ക്കു വേണ്ടി മിന്നുന്ന പ്രകടനമായിരുന്നു സാം കറെന്‍ കാഴ്ചവച്ചത്. പക്ഷെ യുഎഇയിലെ രണ്ടാംപാദത്തില്‍ താരത്തിനു ഫോം ആവര്‍ത്തിക്കാനായില്ല. ഇതേ തുടര്‍ന്നു ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.
ബാറ്റിംഗിലും ബോളിംഗിലും വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന താരമാണ് സാമെന്നതിനാല്‍ താരത്തിന്റെ പിന്മാറ്റം ഇംഗ്ലണ്ടിനെ ഉലച്ചിട്ടുണ്ട്. സാമിനു പകരം ലോക കപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ സഹോദരനും ഓള്‍റൗണ്ടറുമായ ടോം കറെനെ ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തി.