ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ക്രിസ് മോറിസിന്റെ മിന്നും പ്രകടനത്തിന് പിന്നാലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ “സിംഗിള്‍ വിവാദം” വീണ്ടും തല പൊക്കിയിരിക്കുകയാണ്. അന്ന് സഞ്ജു സാംസണ്‍ മോറിസിന് സ്‌ട്രൈക്ക് കൈമാറിയിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു എന്ന അഭിപ്രായമാണ് ശക്തിയായി ഉയരുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മോറിസ്.
“അന്നത്തെ സഞ്ജുവിന്റെ ഫോം വെച്ച് എന്തൊക്കെ സംഭവിച്ചാലും ഞാന്‍ തിരികെ ക്രീസിലേക്ക് ഓടാന്‍ തയ്യാറായിരുന്നു. സ്വപ്നതുല്യമായ രീതിയിലാണ് അന്ന് സഞ്ജു തകര്‍ത്തടിച്ചത്. അന്ന് അവസാന പന്തില്‍ സഞ്ജുവിന് സിക്‌സര്‍ നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി സന്തോഷമാകുമായിരുന്നുവെന്ന് മാത്രം. എന്നെ ടീമിലെടുത്തിരിക്കുന്നത് തകര്‍ത്തടിച്ച് കളിക്കാനാണ്. ഞാന്‍ എന്താണെന്ന് എനിക്കറിയാം” മോറിസ് പറഞ്ഞു.
അന്നത്തെ മത്സരത്തില്‍ അവസാന പന്തില്‍ രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് അഞ്ച് റണ്‍സായിരുന്നു. എന്നാല്‍ സിക്സടിക്കാനുള്ള സഞ്ജുവിന്റെ ശ്രമം ക്യാച്ചില്‍ അവസാനിക്കുകയായിരുന്നു. ഈ ഓവറിലെ അഞ്ചാം ബോളില്‍ സിംഗിളിനായി ഓടിയെത്തിയ മോറിസിനെ സഞ്ജു തിരിച്ചയച്ചത് ഇതോടെ രൂക്ഷ വിമര്‍ശനത്തിന് വിഷയമാവുകയായിരുന്നു.
ഇനി 100 അവസരം കിട്ടിയാലും ആ സിംഗില്‍ എടുക്കില്ലെന്നാണ് സഞ്ജുവിന്റെ നിലപാട്. “എല്ലായ്പ്പോഴും മത്സരങ്ങള്‍ക്കുശേഷം സ്വസ്ഥമായിരുന്ന് എന്റെ പ്രകടനം ഇഴ കീറി പരിശോധിക്കാറുണ്ട്. ഒരു കാര്യം ഉറപ്പാണ്. ആ മത്സരം ഇനിയും 100 വട്ടം കളിക്കാന്‍ അവസരം ലഭിച്ചാലും ആ സിംഗിള്‍ ഞാന്‍ എടുക്കില്ല” സഞ്ജു പറഞ്ഞു