പഞ്ചാബിനെതിരായ നിര്‍ണായകമായ അവസാന ഓവര്‍ എറിയാനെടുത്ത തയാറെടുപ്പിനെ കുറിച്ച് പറഞ്ഞ് രാജസ്ഥാന്റെ യുവ പേസര്‍ കാര്‍ത്തിക് ത്യാഗി. പലരും അടുത്തു വന്ന് തനിക്കു ഉപദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും എന്താണ് ചെയേണ്ടത് എന്ന കാര്യം തന്റെ മനസ്സിലുണ്ടായിരുന്നെന്ന് ത്യാഗി വെളിപ്പെടുത്തി.
‘എന്നെ സംബന്ധിച്ച് ഡു ഓര്‍ ഡൈ സാഹചര്യമായിരുന്നു ഇത്. ശരിയായ ഡെലിവെറികള്‍ എറിയുകയെന്നത് മാത്രമായിരുന്നു ഞാന്‍ ശ്രദ്ധിച്ചത്. പലരും അടുത്തു വന്ന് എനിക്കു ഉപദേശങ്ങള്‍ നല്‍കിയിരുന്നു, പക്ഷെ എന്താണ് ചെയേണ്ടത് എന്ന കാര്യം എന്റെ മനസ്സിലുണ്ടായിരുന്നു. ഓവറിലെ ആറു ബോളുകളും യോര്‍ക്കര്‍ പരീക്ഷിക്കണമായിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ അതിനു വേണ്ടിയായിരുന്നു ശ്രമിച്ചത്. ഇതു നടപ്പാക്കാനും എനിക്കു കഴിഞ്ഞു. ഓവറിനു ശേഷം ടീം ജയിച്ചപ്പോള്‍ എല്ലാവരും ഗ്രൗണ്ടിലേക്കു വന്ന് ആഹ്ലാദ പ്രകടനം നടത്തിയത് കണ്ടപ്പോള്‍ വളരെയേറെ സന്തോഷം തോന്നി’ കാര്‍ത്തിക് ത്യാഗി പറഞ്ഞു.
പഞ്ചാബിന് ജയിക്കാന്‍ അവസാന ഓവറില്‍ 4 റണ്‍സ് മാത്രം മതിയെന്ന് നില്‍ക്കെയാണ് കാര്‍ത്തിക് ത്യാഗി കളി രാജസ്ഥാന്റെ വരുതിയിലാക്കിയത്. ആ ഓവറില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരായ നിക്കോളാസ് പൂരന്‍, ദീപക് ഹൂഡ എന്നിവരെ മടക്കിയ ത്യാഗി ഒരു റണ്‍ മാത്രമാണ് വഴങ്ങിയത്.