പുതിയ ഐ.പി.എല്‍ സീസണിനായുള്ള താരലേലത്തിനു മുന്നോടിയായി ടീമില്‍ നിലനിര്‍ത്തിയ താരങ്ങളുടെയും റിലീസ് ചെയ്ത താരങ്ങളുടെയും പട്ടിക ഓരോ ടീമും അടുത്തിടെ പുറത്തുവിട്ടിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റിലീസ് ചെയ്ത താരങ്ങളിലൊരാള്‍ ഇന്ത്യന്‍ താരം കേദാര്‍ ജാദവായിരുന്നു. താരത്തിന്റെ മോശം ഫോമാണ് ഒഴിവാക്കലിലേക്ക് നയിച്ചതെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായൊരു നീരീക്ഷണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗൗതം ഗംഭീര്‍.
“ഉയര്‍ന്ന പ്രൈസ് ടാഗാണ് കേദാര്‍ ജാദവിന് വിനയായത്. പീയുഷ് ചൗളയെ ഒഴിവാക്കാനുള്ള കാരണവും ഉയര്‍ന്ന വിലതന്നെ. ഒപ്പം കരണ്‍ ശര്‍മയും ഇമ്രാന്‍ താഹിറും ചൗളയ്ക്ക് പകരക്കാരായി ടീമിലുണ്ട്. എന്നാല്‍ ജാദവിന്റെ കാര്യമെടുത്താല്‍ വിലയും ഒപ്പം ബാറ്റിംഗ് പൊസിഷനും വിലങ്ങുതടിയായി. ജാദവിന് മൂന്നോ നാലോ കോടി രൂപയാണ് പ്രൈസ് ടാഗുണ്ടായിരുന്നതെങ്കില്‍ ഒരു സീസണില്‍ കൂടി പരീക്ഷിക്കാന്‍ ധോണി തയ്യാറായേനെ” സ്റ്റാര്‍ സ്പോര്‍ട്സുമായുള്ള അഭിമുഖത്തില്‍ ഗംഭീര്‍ പറഞ്ഞു.
പോയ സീസണില്‍ എട്ടു മത്സരങ്ങളില്‍ നിന്നും 62 റണ്‍സ് മാത്രമാണ് ജാദവിന് നേടാനായത്. താരത്തിന്റെ പ്രകടനം ആ സമയത്ത് ഏറെ വിമര്‍ശനവും നേരിട്ടിരുന്നു. കേദാര്‍ ജാദവിന് പുറമെ പിയൂഷ് ചൗള, ഹര്‍ഭജന്‍ സിംഗ്, മുരളി വിജയ്, മോനു കുമാര്‍ സിംഗ്, ഷെയ്ന്‍ വാട്സണ്‍ എന്നിവരെയാണ് ചെന്നൈ റിലീസ് ചെയ്തത്. വിരമിച്ച പശ്ചാത്തലത്തിലാണ് വാട്സണിന്റെ പടിയിറക്കം.
ചെന്നൈ നില നിര്‍ത്തിയവര്‍: സുരേഷ് റെയ്ന, എം.എസ്. ധോണി, എന്‍.ജഗദീശന്‍, ഋതുരാജ് ഗെയ്ക്വാദ്, കെ.എം. ആസിഫ്, ജോഷ് ഹെയ്‌സല്‍വുഡ്, കരണ്‍ ശര്‍മ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, ഫാഫ് ഡുപ്ലെസി, ശാര്‍ദൂല്‍ താക്കൂര്‍, മിച്ചല്‍ സാന്റ്നര്‍, ഡ്വെയിന്‍ ബ്രാവോ, ലുങ്കി എന്‍ഗിഡി, സാം കറന്‍