ഐ.പി.എല്‍ 2021 സീസണിന്റെ രണ്ടാം പാദത്തിന് മുന്നോടിയായി മൂന്ന് താരങ്ങളെക്കൂടി ടീമില്‍ ഉള്‍പ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ശ്രീലങ്കന്‍ സ്പിന്നര്‍ വനിഡു ഹസരംഗയെ ആദം സാംബക്ക് പകരം ടീമിലെത്തിച്ചപ്പോള്‍ ന്യൂസീലന്‍ഡിന്റെ ഫിന്‍ അലന് പകരം ഓസ്ട്രേലിയയുടെ ടിം ഡേവിഡിനെയും ഓസീസ് പേസര്‍ ഡാനിയല്‍ സാംസിന് പകരം ശ്രീലങ്കന്‍ താരം ദുഷ്മന്ത ചമീരയേയുമാണ് ബാംഗ്ലൂര്‍ ടീമിലെത്തിച്ചിരിക്കുന്നത്.
ഇന്ത്യക്കെതിരായി കഴിഞ്ഞ ടി20 പരമ്പരയില്‍ ഗംഭീര പ്രകടനമാണ് ഹസരംഗകാഴ്ചവെച്ചത്. ടി20 പരമ്പരയിലെ താരമായിരുന്നു അദ്ദേഹം. മൂന്ന് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ ഹസരംഗയായിരുന്നു പരമ്പരയിലെ താരം. സ്പിന്നിനെ പിന്തുണയ്ക്കുന്ന യു.എ.ഇയിലെ പിച്ചില്‍ ഹസരംഗയുടെ സാന്നിധ്യം ബാംഗ്ലൂരിന് മുതല്‍ക്കൂട്ടാകും. താരത്തിന്റെ ആദ്യ ഐ.പി.എല്ലാണിത്.
പേസറായ ദുഷ്മന്ത ചമീര ന്യൂബോളില്‍ മികച്ച പ്രകടനാണ് ഇന്ത്യന്‍ പരമ്പരയില്‍ കാഴ്ചവെച്ചത്. ബിഗ്ബാഷ് ലീഗിലൂടെ ശ്രദ്ധേയനായ താരമാണ് ടിം ഡേവിഡ്. 11 ടി20യില്‍ നിന്ന് 429 റണ്‍സും അഞ്ച് വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. അതേ സമയം ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് സൈമണ്‍ കാറ്റിച്ച് ഒഴിഞ്ഞു. മൈക്ക് ഹസന്‍ പകരം മുഖ്യ പരിശീലകസ്ഥാനം ഏറ്റെടുത്തു.