കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തോല്‍വിക്ക് കാരണം മനീഷ് പാണ്ഡെയാണെന്ന് പറയാതെ പറഞ്ഞ് വീരേന്ദര്‍ സെവാഗ്. താരത്തിന്‍രെ പേരെടുത്ത് പറയാതെയാണ് സെവാഗിന്റെ വിമര്‍ശനം. അടിച്ചുകളിക്കേണ്ട സമയത്തും പ്രതിരോധിച്ച് കളിച്ചതാണ് ഹൈദരാബാദിന് തിരിച്ചടിയായതെന്ന് സെവാഗ് അഭിപ്രായപ്പെട്ടു.
“ദീര്‍ഘനേരം ക്രീസില്‍ നില്‍ക്കുന്ന താരങ്ങള്‍ക്ക് നിലയുറപ്പിച്ച ശേഷം അതിവേഗം റണ്‍സ് നേടാന്‍ സാധിച്ചില്ലെങ്കില്‍ അത്തരം ടീമുകള്‍ പ്രയാസപ്പെടും. കടന്നാക്രമിക്കാന്‍ കഴിവുള്ള താരങ്ങള്‍ക്കും ഫിനിഷര്‍മാര്‍ക്കും കുറഞ്ഞ പന്തുകള്‍ മാത്രം ലഭിക്കുമ്പോള്‍ കാര്യങ്ങള്‍ വളരെ പ്രയാസമാവും. അവസാന സീസണിലും ഇത് സംഭവിച്ചിരുന്നു. അത്തരം ടീമുകള്‍ എല്ലായ്പ്പോഴും പ്രയാസപ്പെട്ടിട്ടുണ്ട്” സെവാഗ് ട്വിറ്ററില്‍ കുറിച്ചു.
മത്സരത്തില്‍ 61 റണ്‍സെടുത്ത് മനീഷ് പാണ്ഡെ പുറത്താകാതെ നിന്നിരുന്നു. 44 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 138.63 സ്ട്രൈക്ക് റേറ്റിലായിരുന്നു മനീഷിന്റെ പ്രകടനം. എന്നാല്‍ റണ്‍റേറ്റിന് അനുസരിച്ച് കളിവേഗം കൂട്ടാന്‍ മനീഷിന് സാധിച്ചില്ല.
ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയോട് 10 റണ്‍സിനാണ് ഹൈദരാബാദ് തോല്‍വി വഴങ്ങിയത്. കൊല്‍ക്കത്ത മുന്നോട്ടുവെച്ച 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടാനെ സാധിച്ചുള്ളു.