കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ നടന്ന മത്സരത്തില്‍ വെടിക്കെട്ട് താരം അബ്ദുള്‍ സമദിന് മുന്നേ വിജയ ശങ്കറിനെ ഇറക്കയതിന് വ്യക്തമായ കാരണമുണ്ടെന്നു വെളിപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് പരിശീലകന്‍ ട്രെവര്‍ ബെയ്ലിസ്. പരിശീലന മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു വിജയ്യുടേതെന്നും അത് കണ്ടാണ് അദ്ദേഹത്തെ മുന്നേ ഇറക്കിയതെന്നും ബെയ്‌ലിസ് പറഞ്ഞു.
“സമദിനേക്കാള്‍ നേരത്തേ വിജയ് ശങ്കറിനെ ഞങ്ങള്‍ ഇറക്കാന്‍ കൃത്യമായ കാരണമുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നടന്ന പരിശീലന മല്‍സരങ്ങളില്‍ വിജയ് ആയിരുന്നു ഞങ്ങളുടെ ഏറ്റവും മികച്ച താരം. വളരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത അദ്ദേഹം ഒരു കളിയില്‍ പുറത്താവാടെ 95 റണ്‍സെടുക്കുകയും ചെയ്തു. പരിശീലന മല്‍സരത്തില്‍ വിജയ് ഒരുപാട് ബോളുകള്‍ ബൗണ്ടറിയിലലേക്കും സിക്സറിലേക്കും പായിക്കുകയും ചെയ്തിരുന്നു.”
“കെകെആറിനെതതിരായ മല്‍സരത്തിലേതു പോലെയുള്ള സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്തുകയെന്നത് എല്ലായ്പ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. നേരിടുന്ന ആദ്യ ബോള്‍ മുതല്‍ തന്നെ ആക്രമിച്ചു കളിക്കേണ്ടി വരും” ബെയ്ലിസ് പറഞ്ഞു.
കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ അബ്ദുള്‍ സമദിനെ ക്രീസിലിറക്കാന്‍ വൈകിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നടപടിയെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്ത് വന്നിരുന്നു. ഏഴാമനായി ഇറങ്ങിയ സമദ് എട്ടു ബോളില്‍ നിന്നും രണ്ടു കൂറ്റന്‍ സിക്സറുകളുടെ അകമ്പടിയില്‍ 19 റണ്‍സ് നേടി പുറത്താകാതെ നിന്നു. മത്സരത്തില്‍ 10 റണ്‍സിനാണ് ഹൈദരാബാദ് തോറ്റത്.