ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ ഹാട്രിക് തോല്‍വിയുമായി തലകുനിച്ച് നില്‍ക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. മൂന്ന് മത്സരത്തിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നിരാശപ്പെടുത്തുന്ന കാഴ്ചയാണ് സണ്‍റൈസേഴ്‌സില്‍ കാണാനായത്. ഇപ്പോഴിതാ മനീഷ് പാണ്ഡെയെ പുറത്തിരുത്തി കേദാര്‍ ജാദവിന് അവസരം നല്‍കണമെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജ.
“ഇപ്പോഴത്തെ ടീമില്‍ കേദാര്‍ ജാദവിനെപ്പോലെ ഒരു താരമുള്ളത് നല്ലതാണ്. സണ്‍റൈസേഴ്‌സിന്റെ ഇപ്പോഴത്തെ മധ്യനിര നോക്കൂ. ഓപ്പണിംഗില്‍ ബെയര്‍സ്റ്റോയും വാര്‍ണറും നടത്തുന്ന കഠിനാധ്വാനം തുടര്‍ന്നുകൊണ്ടുപോകാന്‍ അവര്‍ക്കാകുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ മനീഷ് പാണ്ഡെയെ അടുത്ത കുറച്ചുകളികളില്‍ കളിപ്പിക്കാതെ വിശ്രമം അനുവദിക്കുന്നത് നന്നായിരിക്കും.”
“ടീമിന് ചെന്നൈയില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ ജാദവിനെ തീര്‍ച്ചയായും ആശ്രയിക്കാം. അവിടെ കളിച്ച് പരിചയമുള്ള താരമാണ് ജാദവ്. മാത്രമല്ല, ബാറ്റിംഗിന് കുറച്ചുകൂടി സ്ഥിരത നല്‍കാനും ഓഫ് സ്പിന്നുമായി ടീമിനെ സഹായിക്കാനും ജാദവിനു കഴിയും” ഓജ പറഞ്ഞു.
ഇന്നലെ നടന്ന മുംബൈയ്ക്കെതിരായ മത്സരം 13 റണ്‍സിനാണ് ഹൈദരാബാദ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദിന്റെ മറുപടി ബാറ്റിംഗ് 19.4 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചു.