പഞ്ചാബ് കിംഗ്സിനെതിരെ നേടാതെ പോയ ആ സിംഗിളിനെച്ചൊല്ലി സഞ്ജു സാംസണ്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടോ? ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ക്രിസ് മോറിസിന്റെ ബാറ്റിംഗ് പ്രകടനം ടീമിനെ വിജയത്തിലെത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഉയരുന്ന ചോദ്യമാണിത്. ഇപ്പോഴിതാ അതിന് മറുപടി നല്‍കിയിരിക്കുകയാണ് സഞ്ജു. ഇനി 100 അവസരം കിട്ടിയാലും ആ സിംഗില്‍ എടുക്കില്ലെന്നാണ് സഞ്ജു പറയുന്നത്.
“എല്ലായ്‌പ്പോഴും മത്സരങ്ങള്‍ക്കുശേഷം സ്വസ്ഥമായിരുന്ന് എന്റെ പ്രകടനം ഇഴ കീറി പരിശോധിക്കാറുണ്ട്. ഒരു കാര്യം ഉറപ്പാണ്. ആ മത്സരം ഇനിയും 100 വട്ടം കളിക്കാന്‍ അവസരം ലഭിച്ചാലും ആ സിംഗിള്‍ ഞാന്‍ എടുക്കില്ല.”
“ഡേവിഡ് മിച്ചറും ക്രിസ് മോറിസും ടീമിലുണ്ടായിരുന്നതിനാല്‍ മുന്‍നിര തകര്‍ന്നപ്പോഴും എനിക്കു വിജയപ്രതീക്ഷയുണ്ടായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ വിജയം വളരെ കടുപ്പമായിരിക്കുമെന്ന് തന്നെയായിരുന്നു ഞാന്‍ ചിന്തിച്ചത്. ഉജ്ജ്വലമായി പൊരുതിയാണ് ഞങ്ങള്‍ ഫിനിഷിംഗ് ലൈന്‍ കടന്നത്. സാഹചര്യങ്ങളെ മനസ്സിലാക്കി കളിക്കുകയെന്നതാണ് പ്രധാനം” ഡല്‍ഹിക്കെതിരായ മത്സരത്തിന് ശേഷം സഞ്ജു പറഞ്ഞു.
ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന രാജസ്ഥാനെ ദക്ഷിണാഫ്രിക്കക്കാരായ ഡേവിഡ് മില്ലര്‍ (43 പന്തില്‍ 62), ക്രിസ് മോറിസ് എന്നിവരുടെ ഇന്നിംഗ്സുകളാണ് രക്ഷപ്പെടുത്തിയത്. 18 പന്തില്‍ 36 റണ്‍സാണ് ഡല്‍ഹിയ്ക്കെതിരെ മോറിസ് നേടിയത്.
അവസാന രണ്ട് ഓവറില്‍ രാജസ്ഥാന് വിജയത്തിലേക്ക് 27 റണ്‍സാണ് വേണമെന്നിരിക്കെ 19ാം ഓവറില്‍ കഗീസോ റബാഡയ്‌ക്കെതിരെയും 20ാം ഓവറില്‍ ടോം കറനെതിരെയും രണ്ടു വീതം പടുകൂറ്റന്‍ സിക്സറുകള്‍ പറത്തി മോറിസ് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.