കുട്ടികളുടെ പ്രാര്‍ഥന ദൈവം വേഗം കേള്‍ക്കും ഒരു സംസാരം സമൂഹത്തിലുണ്ട്. അതിനാല്‍ തന്നെ അച്ഛന്റെ ടീമിന്റെ വിജയത്തിനായി കൈകൂപ്പി പ്രാര്‍ത്ഥിച്ച കുഞ്ഞു സിവയുടെ ചിത്രം ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ചെന്നൈ ആരാധകര്‍ ഒന്ന് പ്രത്യാശിച്ചിരിക്കാം. എന്നാല്‍ ജയം ചെന്നൈയ്ക്ക് അപ്രാപ്രമായില്ല.
ചെന്നൈ-ഡല്‍ഹി മത്സരം അവസാന നിമിഷത്തിലേക്ക് കടന്നപ്പോഴാണ് അച്ഛന്റെ ടീമിന്റെ ജയത്തിനായി കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കുന്ന ധോണിയുടെ മകള്‍ സിവയുടെ ദൃശ്യം ക്യാമറ കണ്ണുകളില്‍ ഉടക്കിയത്. കണ്ണടച്ച് പ്രാര്‍ത്ഥിക്കുന്ന സിവയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
അവസാന ഓവര്‍വരെ ഗതിവിഗതികള്‍ മാറിമറിഞ്ഞ കളിയില്‍ രണ്ട് പന്തുകള്‍ അവശേഷിക്കെ മൂന്ന് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഡല്‍പിയോട് പരാജയപ്പെട്ടത്. സ്‌കോര്‍: ചെന്നൈ-136/5 (20 ഓവര്‍) ഡല്‍ഹി- 139/7 (19.4). ജയത്തോടെ 20 പോയിന്റുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്കു കയറി. സൂപ്പര്‍ കിങ്സ് (18 പോയിന്റ്) രണ്ടാമത്.
സൂപ്പര്‍ കിങ്സ് മുന്നില്‍വച്ച വലുതല്ലാത്ത ലക്ഷ്യം തേടിയുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ യാത്ര നാടകീയമായിരുന്നു. ക്യാപ്പിറ്റല്‍സ് ബാറ്റിംഗിന്റെ ആഴവും സൂപ്പര്‍ കിങ്സിന്റെ അതിജീവന ശേഷിയും പോരടിച്ചപ്പോള്‍ ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ നിമിഷങ്ങളേറെ കിട്ടി.