മലിംഗ റോയല്‍സിലേക്ക് പോയതില്‍ മുംബൈയ്ക്ക് അതൃപ്തി; പ്രതികരിച്ച് സംഗക്കാര

ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് നടത്തിയ ഒരു സര്‍പ്രൈസ് നീക്കമായിരുന്നു ലസിത് മലിംഗയെ ടീമിലെത്തിച്ചത്. മുംബൈ ഇന്ത്യന്‍സുമായുള്ള 12 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് മലിംഗ ബോളിംഗ് കോച്ചായി റോയല്‍സിലേക്ക് എത്തിയത്. ഈ പോക്കില്‍ മുംബൈ ഇന്ത്യന്‍സ് വളരെ അസ്വസ്തരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിത ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാജസ്ഥാന്‍ പരിശീലകന്‍ കുമാര്‍ സംഗക്കാര.

‘മലിംഗയുടെ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് അസ്വസ്ഥതപ്പെടേണ്ട കാര്യമില്ല. മുംബൈയ്ക്ക് ഒരു സമ്പൂര്‍ണ്ണ കോച്ചിംഗ് യൂണിറ്റ് ഉണ്ട്. മലിംഗയ്ക്ക് ലഭിച്ച പുതിയ അവസരത്തില്‍ മഹേല ജയവര്‍ധന സന്തോഷവാനാണെന്ന് ഞാന്‍ കരുതുന്നു. ശ്രീലങ്കന്‍ താരം രാജസ്ഥാന്‍ റോയല്‍സിലേക്ക് വരാന്‍ തീരുമാനിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്.’

‘ടൂര്‍ണമെന്റില്‍ ഫ്രാഞ്ചൈസിയെ വിജയിപ്പിക്കുകയാണ് എന്റെ ജോലി. ടീം മൂല്യം വര്‍ധിപ്പിക്കാനും, സഹതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും കഴിവുള്ള ആളുകളെ മാത്രമേ ഞാന്‍ ശുപാര്‍ശ ചെയ്യാറുള്ളു. മലിംഗയുടെ നിലവാരം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മുംബൈയുടെ വിജയത്തിന് പിന്നിലെ പ്രധാന ശക്തികളില്‍ ഒരാളാണ് അദ്ദേഹം. രാജസ്ഥാന് വേണ്ടിയുള്ള മലിംഗയുടെ നിര്‍ദ്ദേശങ്ങള്‍ ടീമിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നതാണ്’ സംഗക്കാര പറഞ്ഞു.

Read more

17 വര്‍ഷത്തോളം ക്രിക്കറ്റ് രംഗത്ത് സജീവമായിരുന്ന മലിംഗ ഈയിടെയാണ് വിരമിച്ചത്. ശ്രീലങ്കയ്ക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലുമായി 340 മത്സരങ്ങള്‍ കളിച്ച മലിംഗ 546 വിക്കറ്റുകള്‍ വീഴ്ത്തി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി മാത്രം ജഴ്സിയണിഞ്ഞ മലിംഗ 122 മത്സരങ്ങളില്‍ നിന്ന് 170 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.