ഐപിഎല്‍ 15ാം സീസണിന് തകര്‍പ്പന്‍ ജയത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 61 റണ്‍സിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. മത്സരത്തിനിടെ ടീമിലെ മലയാളി താരമായ ദേവ്ദത്ത് പടിക്കലിന് മലയാളത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സഞ്ജുവിന്റെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.
ഇരുവരും ഒന്നിച്ച് ബാറ്റ് ചെയ്യുന്നതിനിടെയാണ് സഞ്ജു ദേവ്ദത്തിനോട് മലയാളത്തില്‍ ആദ്യം സംസാരിച്ചത്. പന്ത് നന്നായി ബാറ്റിലേക്ക് വരുന്നുണ്ടല്ലേ എന്ന് സഞ്ജു മലയാളത്തില്‍ ദേവ്ദത്തിനോട് ചോദിച്ചു. പിന്നീട് ഫീല്‍ഡ് ക്രമീകരിക്കുന്നതിനിടയിലും ദേവ്ദത്തിനോട് സഞ്ജു മലയാളത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ‘ഇറങ്ങി നില്‍ക്കെടാ’ എന്ന് ദേവ്ദത്തിനോട് പറയുന്നതിന്റെ ഓഡിയോയും സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഹൈദരാബാദിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനെ സാധിച്ചുള്ളു. അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ സഞ്ജു സാംസണാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍.
27 ബോള്‍ നേരിട്ട സഞ്ജു അഞ്ച് സിക്സിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയില്‍ 55 റണ്‍സെടുത്തു. മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 29 ബോളില്‍ രണ്ട് സിക്സിന്റെയും നാല് ഫോറിന്റെയും അകമ്പടിയില്‍ 41 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡില്‍ 73 റണ്‍സ് ചേര്‍ത്തു.