മഹാഭാരതത്തിന്റെ പതിനാലാം നാള്‍ സമയം സായാഹ്നത്തോടടുക്കു ക്കമ്പോഴാണ്, അവന്‍ യുദ്ധഭൂമിയിലേക്ക് നടന്നടുക്കുന്നത്. വൃതനെ വധിച്ച വജ്രായുധമെടുത്ത് സാക്ഷല്‍ ദേവേന്ദ്രന്‍ തന്നെ മുമ്പില്‍ നിന്നാലും വിറയ്ക്കാത്ത യോദ്ധാവ്. കാടിന്റെ നിയമങ്ങളായിരുന്നു അവന് യുദ്ധനീതി. അശ്വത്ഥാമാവിന്റെ അക്ഷൗണിപടയെ അവന്‍ ഒറ്റയ്ക്ക് നാമാവശേഷമാക്കി…
രക്ഷസന്മാരായ അലമ്പാലന്റെയും, അലായുധന്റെയും ശിരസ്സറുത്തു ദുര്യോധനന്റെ മുന്‍പിലേക്കു അവന്‍ വലിച്ചെറിഞ്ഞു. കൗരവപടയെ ചിഹ്നഭിന്നമാക്കി മുന്‍പോട്ടു നീങ്ങിയ അവന്‍, കുരുക്ഷേത്രം ഒറ്റയ്ക്ക് ജയിക്കാന്‍ വന്നവനായിരുന്നു…. അവന്‍… ഭീമസേനന്റെ പുത്രന്‍… ഘടോല്‍ക്കചന്‍….
വെറും രണ്ട് പന്തുകളുടെ ഇടവേളയില്‍, ശ്രേയസിനെയും, നിതിഷ് റാണയെയും പുറത്താക്കി, 51 ന് നാല് എന്ന നിലയില്‍ കൊല്‍ക്കത്തക്യാമ്പില്‍ പരാജയഭീതി പടര്‍ത്തി കൊണ്ട് ഒരു ആശ്വാത്മാവിനെപോലെ രാഹുല്‍ ചഹാര്‍ നിറഞ്ഞാടിയ ആ ഏഴാം ഓവറിലായിരുന്നു, അവന്‍ ക്രീസിലേയ്ക്ക് നടന്നടുക്കുന്നത്….. അവന്‍ ആന്‍ഡ്രേ റസ്സല്‍… മസ്സില്‍ പവര്‍ കൊണ്ട് 22 വാരയെ ഗോദയാക്കി മാറ്റുന്നവന്‍….
വൈരാഗ്യത്താല്‍ ചിത്തഭ്രമം ബാധിച്ച്, മുന്നില്‍ പെടുന്ന എന്തിനെയും തച്ചുതകര്‍ക്കാനുള്ള മനസ്സുമായി എത്തിയ അവന്‍, കുരുക്ഷേത്ര യുദ്ധഭൂമിയിലെ ഘടോല്‍ക്കചനെ അനുസ്മരിപ്പിച്ചു. മുന്‍കാലെടുത്തുമാറ്റി, പിന്‍കാലില്‍ ബാലന്‍സ് ചെയ്ത്, പവര്‍ മുഴുവനും കരങ്ങളിലേക്കാവാഹിച്ചു കൊണ്ടുള്ള സ്ലോഗിങ്….. ബ്രാര്‍ പറന്നത് രണ്ട് തവണയായിരുന്നു, മിഡ്-വിക്കറ്റിനും, ലോങ്ങ്-ഓണിനും മുകളിലൂടെ തോണ്ണൂറുമീറ്ററുകള്‍ക്ക് അപ്പുറത്തേയ്ക്ക്….
ഒടിയന്റെ അവസ്ഥ അക്ഷരാര്‍ത്ഥത്തില്‍ ഘടോല്‍ക്കചന് മുമ്പില്‍ പെട്ടുപോയ രാക്ഷസവീരന്‍ അലായുധനെപോലെയായിരുന്നു. റസ്സലിന്റെ മസ്സില്‍ പവറിന്റെ പ്രഹരശേഷി, അതിന്റെയെല്ലാ വന്യതയോടും കൂടി ഒടിയന്‍ അനുഭവിച്ചറിഞ്ഞു. കൗ കോര്‍ണര്‍, സ്‌ക്വയര്‍ ലെഗ്, സ്‌ട്രൈറ്റ് ഡൌണ്‍ ദി വിക്കറ്റ്… മൈതാനത്തിന്റെ എല്ലാ ദിക്കിലേക്കും ഒടിയന്‍ നിലം തൊടാതെ പറക്കുയായിരുന്നു…
നാസ വിക്ഷേപിച്ച എണ്ണമറ്റ ഉപഗ്രഹങ്ങളെ പോലെ…..
‘ഘടോല്‍ക്കചന്റെ രാത്രിയാണ് ഇന്ന്, കൗരവസൈന്യം ഇന്ന് മുച്ചോടെ മുടിയും. അഗ്‌നി പോലെ, കൊടും കാറ്റ്‌പോലെ അവന്‍ പടര്‍ന്നു കയറുകയാണ്, അവന് ആരുടേയും തുണവേണ്ട, ഒറ്റയ്ക്ക് യുദ്ധജയിക്കാന്‍ പോന്നവന്‍’ ഒരശരീരി പോലെ, ‘എം ടി യുടെ രണ്ടാമൂഴത്തിലെ വിശോകന്റെ’ വാക്കുകള്‍ മനസ്സില്‍ പ്രതിധ്വനിക്കുകയാണ് , കഴിഞ്ഞുപോയരാത്രിയിലെ ആ ബ്രൂട്ടല്‍ ഹിറ്റിങ്ങിനെകുറിച്ചോര്‍ക്കുമ്പോള്‍…
Read more
രണ്ട് വര്‍ഷം ഉറങ്ങികിടന്ന അയാളിലെ ചിത്തരോഗി വീണ്ടും പുറത്ത് ചാടിയിരിക്കുന്നു… കൂടുതല്‍ കരുത്തനായി… കൂടുതല്‍ അപകടകാരിയായി… അതിന്റെ എല്ലാ സൂചനകളും ഒരു മുന്നറിയിപ്പുപോലെ എല്ലാവര്‍ക്കും നല്‍കിയാണ് കഴിഞ്ഞരാത്രി കടന്നുപോകുന്നത്… പറയാനുള്ളത് മറ്റ് ടീമുകളോടാണ്….. നിങ്ങള്‍ കരുതിയിരുന്നുകൊള്ളുക. അയാളെ തടയാന്‍, ഘടോല്‍ക്കചനെ വധിക്കാന്‍ ഗത്യന്തരമില്ലാതെ കര്‍ണ്ണന് പ്രയോഗിക്കേണ്ടി വന്ന, അര്‍ജുനനായി മാറ്റിവെച്ച, ഇന്ദ്രന്‍ നല്‍കിയ ആ ദിവ്യാസ്ത്രം പോലും മതിയാവാതെ വരും…