അപ്രതീക്ഷിത നീക്കങ്ങള്‍ എം.എസ് ധോണിയുടെ ട്രേഡ് മാര്‍ക്കാണ്. പലപ്പോഴും അദ്ദേഹം സ്വയമെടുക്കുന്ന തീരുമാനങ്ങള്‍ മാത്രമായിരുന്നില്ല അപ്രതീക്ഷിതം ധോനിയുടെ കരിയറില്‍ മൊത്തം അപ്രതീക്ഷിത സംഭവങ്ങളുടെ പരമ്പരകള്‍ തന്നെ ഒരു വിധി പോലെ സംഭവിച്ചതായി കാണാം.
ജൂനിയര്‍ തലത്തില്‍ മിന്നും പ്രകടനങ്ങള്‍ നടത്തിയിരുന്ന പാര്‍ത്ഥിവ് പട്ടേലോ ദിനേശ് കാര്‍ത്തികോ ഏറെ നാള്‍ ഇന്ത്യയുടെ അടുത്ത വിക്കറ്റ് കീപ്പര്‍ ആകുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് കലക്ടര്‍ ആയ ഒരാളുടെ അപ്രതീക്ഷിത കടന്നു വരവ് പക്ഷെ ക്രിക്കറ്റ് വിദഗ്ധര്‍മാരുടെ പ്രതീക്ഷകളെ മൊത്തം തകിടം മറിക്കുകയായിരുന്നു.
പാകിസ്ഥാന്റെയും ശ്രീലങ്കയുടെയും മികച്ച ബൗളര്‍മാരെ ക്‌ളബ് ക്രിക്കറ്റില്ലെന്ന പോലെ തച്ചു തകര്‍ക്കുമ്പോള്‍ അയാള്‍ കാണിച്ച അപ്രതീക്ഷിത ഇന്നിങ്ങ്‌സുകളുടെ ചൂടാറും മുന്‍പ് വിധി അയാള്‍ക്ക് സമ്മാനിച്ചത് ലോക ക്രിക്കറ്റിലെ അനിഷേധ്യ ശക്തിയുടെ അപ്രതീക്ഷിത ക്യാപ്റ്റന്‍ പദവിയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും അപ്രതീക്ഷിതമായ മറ്റൊരു മുഹൂര്‍ത്തത്തില്‍ 2007 T20 ലോകകപ്പ് വിജയം മഹിയെ ഉയര്‍ത്തിയത് ഒരു സൂപ്പര്‍ ഹീറോ പരിവേഷത്തിലേക്കും.
3-4 പൊസിഷനില്‍ ബാറ്റ് ചെയ്യാനുള്ള എല്ലാ അവസരങ്ങളും അധികാരങ്ങളും ടീമിന്റെ സകല നിയന്ത്രണങ്ങളും ഉണ്ടായിട്ടും ടീമിന്റെ ആവശ്യത്തിനു വേണ്ടി ലോവര്‍ ഓര്‍ഡറില്‍ കളിച്ച അതേ മനുഷ്യന്‍ സകലരെയും അത്ഭുതപ്പെടുത്തി മറ്റൊരു അപ്രതീക്ഷിത നീക്കത്തിലൂടെ ഒരു ലോകകപ്പ് ഫൈനലില്‍ 4 ആം നമ്പറിലിറങ്ങി ഒരു കിരീട ജയം നേടുമ്പോള്‍ അയാള്‍ വീണ്ടും അപ്രതീക്ഷിത നീക്കങ്ങളുടെ എറ്റവും വലിയ തമ്പുരാനായി മാറുകയായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ നായകത്വം അപ്രതീക്ഷിതമായി കൈമാറിയപ്പോഴും ഏകദിന ക്രിക്കറ്റില്‍ തികച്ചും രാജകീയമായി ഒരു വിടവാങ്ങല്‍ മത്സരം കളിക്കുമെന്ന കടുത്ത ആരാധകരുടെ പ്രതീക്ഷകള്‍ മുഴുവനും തല്ലിക്കെടുത്തിയാണ് അയാള്‍ തന്റെ അപ്രവചനീയതയുടെ അടുത്ത തലം കാണിച്ചത്.
ദയനീയ പരാജയമായ വയസ്സന്‍ പടയെ അടുത്ത IPL സീസണില്‍ തികച്ചും അപ്രതീക്ഷിതമായി കിരീട വിജയത്തിലേക്ക് നയിച്ച നായകന്‍ തന്റെ ടീമിനെ 5 ആം തവണ കിരീടജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ച സമയത്ത് ടൂര്‍ണമെന്റിന് 2 ദിവസം മുന്‍പ് 40 ആം വയസില്‍ നായകപദവി രവീന്ദ്ര ജഡേജക്ക് കൈമാറുമ്പോഴും അപ്രതീക്ഷത നിലനിര്‍ത്തുകയാണ്.
നീണ്ട 12 സീസണുകളില്‍ ഒരു ടീമിനെ തന്നെ നയിക്കുക. അതില്‍ 9 തവണ ഫൈനലുകള്‍ കളിക്കുക. 4 തവണ ചാംപ്യന്‍മാരുക. തന്റെ ആദ്യ സീസണിലും അവസാന സീസണിലും ഫൈനല്‍ കളിക്കുക. മഹേന്ദ്ര സിങ്ങ് ധോണി പടിയിറങ്ങുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ മുഖം തന്നെയാണ് മാറുന്നത്.
ICC യുടെ 3 ട്രോഫികളും നേടിയ നായകന്‍ IPL ലും ഏറ്റവും മികച്ച നായകനായി തന്നെ മടങ്ങുമ്പോള്‍ ആരാധകര്‍ക്ക് അത് താങ്ങാവുന്നതിന് അപ്പുറത്തെ വേദനയാകും സമ്മാനിക്കുക. പ്രത്യേകിച്ച് Ipl തുടങ്ങാന്‍ 2 ദിവസം മാത്രം മുന്നില്‍ നില്‍ക്കെ .
IPL ല്‍ 204 മത്സരങ്ങളില്‍ ചെന്നൈയുടെ പടനായകനായ ധോണി 121 വിജയങ്ങള്‍ നേടിയപ്പോള്‍ 82 തോല്‍വികളാണ് വഴങ്ങിയിട്ടുള്ളത്. 60%ഓളം വിജയശതമാനം സൂക്ഷിക്കുന്ന നായകന്റെ കീഴില്‍ രണ്ടുതവണ ചാമ്പ്യന്‍സ് ലീഗ് കിരീടവും ചെന്നൈയുടെ ഷെല്‍ഫിലെത്തിയിട്ടുണ്ട്.
അപ്രതീക്ഷിത നീക്കങ്ങളിലൂടെ ആരാധകരെ എന്നും അമ്പരിപ്പിക്കുന്ന ധോണി കളിക്കാരനായി അവസാന IPL ന് വരുമ്പോള്‍ ഒരു ഫസ്റ്റ് ക്‌ളാസ് മാച്ചില്‍ പോലും ടീമിനെ നയിച്ചു പരിചയമില്ലാത്ത പിന്‍ഗാമിയായ രവീന്ദ്ര ജഡേജക്ക് തന്റെ നായകനിലെ അനുഭവ പാoങ്ങള്‍ പങ്കുവെക്കാനുള്ള അവസരം കൂടി സൃഷ്ടിക്കുകയാണ്. എല്ലാവരും പറയാറുള്ളത് പോലെ ‘MS Dhoni did it in style ‘
Read more
ടീമില്‍ നില നിന്ന് കൊണ്ട് ക്യാപ്റ്റന്‍സി മറ്റൊരാളെ ഏല്‍പ്പിക്കുന്നവര്‍ അപൂര്‍വമണ്.പ്രത്യേകിച്ചും ധോനിയെ പോലൊരു ഇതിഹാസം അവിടെയാണ് വ്യത്യസ്തനാകുന്നതും.