ലഖ്നൗ സൂപ്പര്‍ ജയന്റ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള ഐപിഎല്‍ മത്സരം ഏറെ വിവാദ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. വിഷയത്തില്‍ ബിസിസിഐ ഉടന്‍ നടപടിയെടുക്കുകയും വിവാദത്തില്‍ ഉള്‍പ്പെട്ട വിരാട് കോഹ് ലി, ഗൗതം ഗംഭീര്‍, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ക്ക് കനത്ത പിഴ ചുമത്തുകയും ചെയ്തിരുന്നു. കോഹ്ലിക്കും ഗംഭീറിനും മാച്ച് ഫീയുടെ 100% പിഴ ചുമത്തിയപ്പോള്‍ നവീന്‍ ഉള്‍ ഹഖിന് മാച്ച് ഫീയുടെ 50% പിഴ ചുമത്തി.
പിഴ ചുമത്തിയതിന് പിന്നാലെ ഓരോ കളിക്കാരനും എത്ര തുക നല്‍കേണ്ടിവരുമെന്നും വാര്‍ഷിക ശമ്പളത്തില്‍ നിന്ന് തുക വെട്ടിക്കുറയ്ക്കുമോയെന്നുമൊക്കെയുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ വ്യാപകമാണ്. ഇപ്പോഴിതാ ഇതില്‍ ഒരു നിര്‍ണായക വിവരം പുറത്തുവന്നിരിക്കുകയാണ്. പിഴത്തുക താരങ്ങളല്ല ഫ്രാഞ്ചൈസി തന്നെ അടയ്ക്കുമെന്നാണ് അറിയുന്നത്.
മാച്ച് ഫീ എന്നാണ് പറയുന്നതെങ്കിലും ഈ പിഴത്തുക കളിക്കാരുടെ പ്രതിഫലത്തില്‍ നിന്നല്ല നല്‍കുകയെന്ന് ആര്‍സിബി വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക്ക് ബസ് റിപ്പോര്‍ട്ട് ചെയ്തു. ടീമിനുവേണ്ടിയാണ് ഓരോ കളിക്കാരനും കളിക്കളത്തില്‍ പോരാടുന്നത് എന്നതിനാല്‍ ഈ പിഴത്തുക ഇപ്പോള്‍ ടീമുകളാണ് നല്‍കുന്നതെന്നും കളിക്കാരുടെ പ്രതിഫലത്തില്‍ നിന്ന് ഒന്നും പിടിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടീമുകള്‍ക്ക് അനുസരിച്ച് ചിലപ്പോള്‍ വ്യത്യാസം വരാമെങ്കിലും ഭൂരിഭാഗം ടീമുകളും പിഴത്തുകക്കായി കളിക്കാരുടെ പ്രതിഫലത്തില്‍ കൈയിടാറില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.