സി.എസ്‌.കെ പ്ലേഓഫിൽ എത്തിയാല്‍ ധോണി അത് ചെയ്യും; വമ്പന്‍ പ്രവചനവുമായി ഓയിന്‍ മോര്‍ഗന്‍

ഐപിഎല്‍ 16ാം സീസണില്‍ അവിശ്വസനീയ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന സിഎസ്‌കെ നായകന്‍ എംഎസ് ധോണിയെ കുറിച്ച് ഒരു വലിയ പ്രവചനം നടത്തി ഇംഗ്ലണ്ട് മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍. സിഎസ്‌കെ ഈ സീസണില്‍ പ്ലേഓഫിലെത്തിയാല്‍ ധോണി ബാറ്റിംഗില്‍ ടോപ്പ് ഓര്‍ഡറിലേക്കു സ്വയം പ്രൊമോട്ട് ചെയ്തേക്കുമെന്ന് മോര്‍ഗന്‍ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ബാറ്റിംഗ് ലൈനപ്പ് ഇപ്പോള്‍ വളരെധികം ശക്തമാണ്. എംഎസ് ധോണി സ്വയം ബാറ്റിംഗില്‍ താഴേക്ക് ഇറങ്ങാനാണ് ഇഷ്ടപ്പെടുന്നതെന്നു എനിക്കറിയാം. അല്ലായിരുന്നെങ്കില്‍ അദ്ദേഹം ഇതിനകം തന്നെ ബാറ്റിംഗില്‍ സ്വയം മുകളിലേക്കു പ്രൊമോട്ട് ചെയ്യുമായിരുന്നു. നിലവില്‍ ധോണി മുന്‍നിരയിലേക്കു ബാറ്റ് ചെയ്യാന്‍ വരുമെന്നു എനിക്കു തോന്നുന്നില്ല.

പക്ഷെ സിഎസ്‌കെ പ്ലേഓഫിലേക്കു യോഗ്യത നേടിയാല്‍ കാര്യങ്ങള്‍ മാറിയേക്കും. ഒരുപക്ഷെ വ്യത്യസ്തമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാല്‍ അപ്പോള്‍ ധോണി ബാറ്റിംഗില്‍ മുന്‍നിരയിലേക്കു വന്നേക്കും. പക്ഷെ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം ഇതേ രീതിയില്‍ ലോവര്‍ ഓര്‍ഡറില്‍ തന്നെ തുടര്‍ന്നും ബാറ്റ് ചെയ്യും. സ്വയം തന്നെക്കുറിച്ച് വിലയിരുത്താന്‍ കഴിവുള്ള വ്യക്തിയാണ് ധോണി- ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു.

Read more

ഈ സീസണില്‍ ബാറ്റിംഗില്‍ മാസ്മരിക പ്രകടനമാണ് ധോണി കാഴ്ചവെയ്ക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഏഴു ബോളില്‍ 14ഉം ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരേ മൂന്നു ബോളില്‍ 12ഉം രാജസ്ഥാന്‍ റോയല്‍സിനെതിരെ 17 ബോളില്‍ പുറത്താവാതെ 32 റണ്‍സും ധോണി നേടി.