ഐപിഎലിലെ വിരാട് കോഹ്‌ലി- ഗൗതം ഗംഭീര്‍ പോര് അവസാനിക്കുന്നില്ല. മൈതാനത്ത് കോഹ്‌ലി ആരാധകര്‍ ഇത് ഏറ്റ് പിടിച്ചിരിക്കുകയാണ്. ലഖ്നൗ-ഹൈദരാബാദ് മത്സരത്തിനിടെയാണ് കോഹ്‌ലി ആരാധകര്‍ ഗൗതം ഗംഭീറിനെതിരേ രംഗത്തെത്തിയത്.
ടൈമൗട്ടിന്റെ ഇടയില്‍ ഗംഭീര്‍ മൈതാനത്തെത്തിയപ്പോള്‍ കോഹ്‌ലി മുദ്രാവാക്യമാണ് ആരാധകര്‍ ഉയര്‍ത്തിയത്. എന്നാല്‍ ഗൗതം ഗംഭീര്‍ ഇതിന് മുഖം കൊടുത്തില്ല. എന്നിട്ടും ഗംഭീറിനെ പ്രകോപിപ്പിക്കുന്നത് തുടര്‍ന്ന ആരാധകര്‍ ലഖ്നൗവിന്റെ ഡഗൗട്ടിലേക്ക് പാഴ് വസ്തുക്കളും കുപ്പിയും വലിച്ചെറിയുന്ന സാഹചര്യവും ഉണ്ടായി.
ഡഗൗട്ടിലേക്ക് കുപ്പികളടക്കം എത്തിയതോടെ താരങ്ങളും പരിശീകരും ഡഗൗട്ട് വിട്ട് പുറത്തിറങ്ങി നില്‍ക്കേണ്ടതായി വന്നു. ഹൈദരാബാദിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദിന്റെ ജേഴ്സിയും പതാകയുമേന്തിയ ആരാധകരാണ് കോഹ്‌ലി പക്ഷം പിടിച്ച് ഗംഭീറിനെതിരെ പ്രതിഷേധം ഉയര്‍ത്തിയത്.
ഗാലറി എതിരായിരുന്നെങ്കിലും മത്സരത്തില്‍ ലഖ്‌നൗ ഏഴ് വിക്കറ്റിന് ജയിച്ചു കയറി. ഹൈദരാബാദ് മുന്നോട്ട് വെച്ച 183 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലഖ്‌നൗ മറികടന്നു.