എന്റെ മിന്നും പ്രകടനത്തിന് പിന്നില്‍ അദ്ദേഹത്തിന്‍റെ ഉപദേശം: വെളിപ്പെടുത്തലുമായി ആകാശ് മധ്‌വാള്‍

വെള്ളിയാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഐപിഎലിലെ 57-ാം മത്സരത്തില്‍ അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം രോഹിത്തിനും സംഘത്തിനുമൊപ്പമായിരുന്നു.

സൂര്യകുമാര്‍ യാദവിന്റെ മിന്നുന്ന സെഞ്ച്വറിയുടെ ബലത്തില്‍ ഗുജറാത്തിന് 219 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. രണ്ടാം ഇന്നിംഗ്സില്‍ റാഷിദ് ഖാന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ഉണ്ടായിരുന്നിട്ടും നിലവിലെ ചാമ്പ്യന്മാര്‍ക്ക് ജയം പിടിക്കാനായില്ല. സൂര്യകുമാര്‍ യാദവിന്റെയും റാഷിദ് ഖാന്റെയും പ്രകടനത്തിന് പുറമെ, മുംബൈയുടെ ഇന്ത്യന്‍ പേസര്‍ ആകാശ് മധ്‌വാളിന്റെ സ്‌പെല്ലും മത്സരത്തില്‍ ശ്രദ്ധ നേടി.

രണ്ടാം ഇന്നിംഗ്സില്‍ നാല് ഓവര്‍ എറിഞ്ഞ മധ്വാള്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ഡേവിഡ് മില്ലര്‍ എന്നിവരെ പുറത്താക്കിയ മധ്വാള്‍ കളിയെ മുംബൈയുടെ വരുധിയിലാക്കി. ഗെയിമിന് ശേഷം, 29-കാരന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തനിക്ക് നല്‍കിയ ഉപദേശത്തെ കുറിച്ച് വെളിപ്പെടുത്തി.

ഞാന്‍ മുമ്പ് മഞ്ഞുവീഴ്ചയില്‍ പന്തെറിഞ്ഞിട്ടുണ്ട്, അതിനാല്‍ അത് ബുദ്ധിമുട്ടുള്ള കാര്യമല്ല; ഞങ്ങള്‍ അത്തരം കാര്യങ്ങള്‍ക്കായി പരിശീലിച്ചു. ഹാര്‍ഡ്-ലെംഗ്ത്ത് ബോളുകളില്‍ നിന്ന് ആരംഭിക്കാനും കൃത്യതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും രോഹിത് എന്നോട് ആവശ്യപ്പെട്ടു- മത്സരശേഷം മധ്‌വാള്‍ പറഞ്ഞു.