ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള നിര്‍ണായക മല്‍സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങാനായിരുന്നു സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനു വിധി. ഈ തോല്‍വിയോടെ ടീമിന്റെ പ്ലേഓഫ് സാധ്യതകള്‍ ഏറെക്കുറെ തുലായിലുമായി. മത്സരത്തില്‍ സഞ്ജുവിന്റെ അലസ ബാറ്റിംഗും ഏറെ വിമര്‍ശിക്കപ്പെട്ടു. മത്സര ശേഷം തോല്‍വിയെ കുറിച്ചുള്ള സഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ..
പവര്‍പ്ലേയില്‍ ഞങ്ങള്‍ നന്നായി ആക്രമിച്ച് കളിച്ച് റണ്ണെടുക്കാന്‍ ശ്രമിച്ചു. പക്ഷെ പ്രതീക്ഷിച്ചതു പോലെ കാര്യങ്ങള്‍ വന്നില്ല. ഗെയിമിനെ ഇപ്പോള്‍ വിശകലനം ചെയ്യുന്നത് വളരെ നേരത്തേ ആയിപ്പോവും. ബോള്‍ ഇനിയും സ്ലോയാവുകയും പഴയാതുവകയും ചെയ്യുമെന്നു അറിയാവുന്നതിനാല്‍ പവര്‍ പ്ലേയില്‍ അഗ്രസീവായി ബാറ്റ് ചെയ്യേണ്ടത് ആവശ്യമായിരുന്നു. ഈ രീതിയിലാണ് ഞാനും ജയ്സ്വാളും ബട്ട്ലറും സീസണിലുടനീളം കളിച്ചത്.
ആര്‍സിബി ബോളര്‍മാര്‍ക്കാണ് ക്രെഡിറ്റ്. അവര്‍ നല്ല എനര്‍ജിയോടെയും ദിശാബോധത്തോടെയും പന്തെറിഞ്ഞു. മല്‍സരം അവസാനം വരെ പോവുമായിരുന്ന വളരെ ആവേശകരമായ ഒരു ടോട്ടലായിരുന്നു ഇത്. ഞങ്ങളുടെ പവര്‍പ്ലേ മാന്യമായിരുന്നെങ്കില്‍ ഒരു ഇഞ്ചോടിഞ്ച് മല്‍സരമായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്- സഞ്ജു പറഞ്ഞു.
ടീമിന്റെ ഈ വീഴ്ചയ്ക്കു കാരണം എന്താണെന്ന ചോദ്യത്തിന് സഞ്ജു സാംസണിന്റെ പക്കല്‍ വ്യക്തമായ മറുപടി ഇല്ലായിരുന്നു. ഈ മല്‍സരത്തിലെ ബാറ്റിംഗ് തകര്‍ച്ച കണ്ടപ്പോള്‍ എവിടെയാണ് ഞങ്ങള്‍ക്കു തെറ്റ് പറ്റിയതെന്നു ഞാന്‍ ആലോചിക്കുകയായിരുന്നു. എന്നാല്‍ അതിനുള്ള ഉത്തരം ഇതുവരെ എന്റെ പക്കലില്ല. ഐപിഎലിന്റെ സ്വഭാവം നമുക്കെല്ലാവര്‍ക്കുമറിയാം. ഇപ്പോള്‍ കരുത്തരായി ഇരിക്കുകയാണ് വേണ്ടത്. അടുത്ത കളിയെക്കുറിച്ച് ചിന്തിക്കണം. നന്നായി സീസണ്‍ അവസാനിപ്പിക്കണം- സഞ്ജു കൂട്ടിച്ചേര്‍ത്തു.