അഞ്ച് തുടര്‍തോല്‍വികളുടെ നിരാശയ്ക്കു ശേഷം ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ആശ്വാസ ജയം നേടിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് വിക്കറ്റിനു തോല്‍പിച്ചാണ് അവര്‍ സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്തയെ 127 റണ്‍സില്‍ ഓള്‍ഔട്ടാക്കിയെങ്കിലും മറുപടി ബാറ്റിംഗില്‍ ഡല്‍ഹി വിയര്‍ത്തു. നാല് പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അവര്‍ ലക്ഷ്യം കണ്ടത്.
ഏറെ സമ്മര്‍ദ്ദം നിറഞ്ഞ സീസണില്‍ ഒടുവില്‍ ഡല്‍ഹി കോച്ചിംഗ് സ്റ്റാഫിന് ആശ്വാസമായിരിക്കുകയാണ് ഈ വിജയം. മുന്‍ ഇന്ത്യന്‍ നായകനും ഡല്‍ഹി ക്രിക്കറ്റ് ഡയറക്ടറുമായ സൗരവ് ഗാംഗുലിയും തന്റെ ടീമിന്റെ വിജയത്തില്‍ ആശ്വാസം രേഖപ്പെടുത്തി. 1996 ലെ ലോര്‍ഡ്സിലെ തന്റെ ടെസ്റ്റ് അരങ്ങേറ്റവുമായിട്ടാണ് താരം അതിനെ താരതമ്യം ചെയ്തത്.
1996-ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍, ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ആദ്യ റണ്‍സ് നേടിയതിനോട് ഈ വിജയത്തെ താരതമ്യം ചെയ്തത്. ‘ഈ വിജയത്തില്‍ സന്തോഷമുണ്ട്. ഈ സമയം ഡഗൗട്ടില്‍ ഇരുന്ന് എന്റെ ആദ്യ ടെസ്റ്റ് റണ്‍ നേടിയതിനെ കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്. ഇന്ന് ഭാഗ്യം ഞങ്ങളുടെ കൂടെയായിരുന്നു’- മത്സര ശേഷം ഗാംഗുലി പറഞ്ഞു.
ഈ സീസണിന് മുമ്പും ഞങ്ങള്‍ നന്നായി ബോള്‍ ചെയ്തു. പക്ഷേ പ്രശ്‌നം ബാറ്റിംഗാണ്. നമ്മള്‍ തിരികെ പോയി എങ്ങനെ മെച്ചപ്പെടുമെന്ന് നോക്കണം. ഞങ്ങള്‍ താരങ്ങളുമായി കഠിനാദ്ധ്വാനം ചെയ്യുകയും അവരെ ഫോമിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യും. അത് പൃഥ്വി ആകട്ടെ, മനീഷ്, മിച്ച് മാര്‍ഷ്.. അവര്‍ അതാത് ടീമുകള്‍ക്ക് കുറച്ചുകാലമായി പ്രധാനപ്പെട്ട കളിക്കാരായിരുന്നു, ഞങ്ങള്‍ക്ക് നാളെ ഒരു അവധിയുണ്ട്, തുടര്‍ന്ന് ഹൈദരാബാദിലേക്ക് പറക്കുന്നു. അവിടെ ഒരു മികച്ച ബാറ്റിംഗ് വിക്കറ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു- ഗാംഗുലി പറഞ്ഞു.