സണ്‍റൈസേഴ്സ് ഹൈദരാബാദും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മിലുള്ള ഐപിഎല്‍ 2023ലെ 58-ാം മത്സരത്തിന്റെ അവസാന ഓവറില്‍ ആവേശ് ഖാന്‍ എറിഞ്ഞ ഫുള്‍ ടോസ് ഡെലിവറി നാടകീയ സംഭവങ്ങള്‍ക്കാണ് വഴിതുറന്നത്. ഈ ഡെലിവറി സംബന്ധിച്ച വിവാദ തീരുമാനത്തിന് ശേഷം കാണികള്‍ എല്‍എസ്ജി ഡഗൗട്ടിലേക്ക് പാഴ്‌വസ്ടുക്കളും കുപ്പിയും എറിഞ്ഞ് കളി തടസ്സപ്പെടുത്തി.
ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാര്‍ പന്ത് ആദ്യം നോ-ബോള്‍ എന്ന് വിധിച്ചെങ്കിലും പിന്നീട് ലഖ്‌നൗ തീരുമാനം പുനഃപരിശോധിച്ചപ്പോള്‍ തേര്‍ഡ് അമ്പയര്‍ ആ തീരുമാനം തിരുത്തി. ഇതേത്തുടര്‍ന്ന് അമ്പയര്‍മാരും ഇരു മാനേജ്‌മെന്റുകളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതോടെ കളി ഏറെ നേരം നിര്‍ത്തിവച്ചു. എല്‍എസ്ജി ഡഗൗട്ടിലെ അസ്വസ്ഥതകള്‍ കൈകാര്യം ചെയ്യുന്നതിനിടെ ലഖ്‌നൗ പരിശീലകന്‍ ആന്‍ഡി ഫ്‌ലവര്‍ അമ്പയര്‍മാരെ നടുവിരല്‍ കാണിച്ചു.
ഡഗൗട്ടിലേക്ക് കുപ്പികളടക്കം എത്തിയതോടെ താരങ്ങളും പരിശീകരും ഡഗൗട്ട് വിട്ട് പുറത്തിറങ്ങി നില്‍ക്കേണ്ടതായി വന്നു. ഇതിനെ തുടര്‍ന്ന് മത്സരത്തിനിടെ പൊലീസിന്റെ ഇടപെടലും ഉണ്ടായെന്നത് ശ്രദ്ധേയമാണ്. പിന്നീട്, സണ്‍റൈസേഴ്‌സിന്റെ സൂപ്പര്‍ താരം ഹെന്റിച്ച് ക്ലാസനും കാണികളുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ നിരാശാജനകമെന്ന് വിശേഷിപ്പിച്ചു.
ഹൈദരാബാദിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദിന്റെ ജേഴ്‌സിയും പതാകയുമേന്തിയ ആരാധകരാണ് കോഹ്ലി പക്ഷം പിടിച്ച് ഗംഭീറിനെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. ഗാലറി എതിരായിരുന്നെങ്കിലും മത്സരത്തില്‍ ലഖ്നൗ ഏഴ് വിക്കറ്റിന് ജയിച്ചു കയറി. ഹൈദരാബാദ് മുന്നോട്ട് വെച്ച 183 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലഖ്നൗ മറികടന്നു.