ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 16-ാം സീസണിന് തുടക്കമായപ്പോള്‍ ആരാധകരെ ആവേശത്തില്‍ കൊണ്ടുവന്ന ഒരു നിയമമാണ് ഇംപാക്റ്റ് പ്ലെയര്‍. റൂള്‍ നടപ്പാക്കിയതിനാല്‍ തന്നെ ഈ നിയമം ആര്‍ക്ക് ഗുണം ചെയ്യും അല്ലെങ്കില്‍ ആര്‍ക്ക് ദോഷം ചെയ്യുമെന്ന് ഒരു ചോദ്യം നിലനില്‍ക്കുന്നുണ്ട്. എന്തായാലും ഇന്നലെ നടന്ന ചെന്നൈ- ഗുജറാത്ത് ആദ്യ മത്സരത്തിലെ ചെന്നൈയുടെ ഇമ്പാക്ട് പ്ലേയറാണ് ഇപ്പോള്‍ ട്രോളന്മാരുടെ താരം.
വലിയ പ്രതീക്ഷയില്‍ ചെന്നൈ ഇറക്കിയ ഇമ്പാക്ട് പ്ലെയര്‍ ആയിരുന്നു തുഷാര്‍ ദേശ്പാണ്ഡെ. എന്നാല്‍ താരത്തിന് ടീമിനായി വലിയ ഇമ്പാക്ട് ഉണ്ടാക്കാനായില്ല. 3.2 ഓവറില്‍ 51 റണ്‍സാണ് താരം വഴങ്ങിയത്, അതായത് 20 പന്തില്‍ 50 റണ്‍സ്. ബാറ്റര്‍ അമ്പാട്ടി റായുഡുവിനു പകരമാണ് ഫീല്‍ഡിങ്ങിനിറങ്ങിയപ്പോള്‍ ചെന്നൈ പേസ് ബോളര്‍ തുഷാറിനെ ഉള്‍പ്പെടുത്തിയത്. എറിഞ്ഞ ആദ്യ പന്തില്‍ തന്നെ സിക്‌സ് വഴങ്ങിയ ദേശ്പാണ്ഡെ അടിയേറ്റു വലഞ്ഞു.
ഇപ്പോള്‍ താരം ട്രോളന്മാരുടെയും പരിഹാസമേറ്റ് തളരുകയാണ്. വിവിധ തരത്തിലുള്ള പരിഹാസങ്ങളാണ് താരത്തിനും ടീമിന്റെ തീരുമാനത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. എന്തായാലും ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം തന്നെ ട്രോളന്മാര്‍ക്ക് ചാകരയാണ് സമ്മാനിച്ചിരിക്കുന്നത്.
നേരത്തേ പ്രഖ്യാപിച്ച 5 റിസര്‍വ് താരങ്ങളില്‍ നിന്ന് ഒരാളെ മത്സരത്തിനിടെ പകരക്കാരനായി ഇറക്കുന്നതാണ് ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ട്. ഈ താരത്തിന് ബാറ്റിങ്ങിനും ബോളിങ്ങിനുമെല്ലാം ഇറങ്ങാം. ബാറ്റിംഗന്റെ 4ാം ഓവറില്‍ ഗുജറാത്തും ഇംപാക്ട് പ്ലെയറെ ഇറക്കി. ബാറ്റര്‍ സായ് സുദര്‍ശന്‍. ഫീല്‍ഡിങ്ങിനിടെ പരുക്കേറ്റ കെയ്ന്‍ വില്യംസനു പകരമായിരുന്നു സുദര്‍ശന്റെ വരവ്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഫോറടിച്ച സുദര്‍ശന്‍ 17 പന്തില്‍ 22 റണ്‍സെടുത്തു.